ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കൂടുതൽ ‘ഓൾ-ലെയ്ൻ സ്മാർട്ട് മോട്ടോർവേകൾ’ അഞ്ച് വർഷത്തേക്ക് വൈകിപ്പിക്കാനൊരുങ്ങി സർക്കാർ. അവയുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. സാധാരണ പാതയായി ഹാർഡ് ഷോൾഡർ ഉപയോഗിക്കുന്നത് തിരക്ക് കുറയ്ക്കുമെങ്കിലും റോഡപകടങ്ങൾക്ക് കാരണമാകുമെന്ന് എംപിമാർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നിലവിൽ ഓൾ-ലെയ്ൻ പ്രവർത്തിക്കുന്ന മോട്ടോർവേകളിൽ ഹാർഡ് ഷോൾഡറുകൾ പുനഃസ്ഥാപിക്കില്ലെന്ന് ഗതാഗത വകുപ്പ് (ഡിഎഫ്ടി) അറിയിച്ചു. ഭാവിയിലെ എല്ലാ സ്മാർട്ട് മോട്ടോർവേകളും “ഓൾ-ലെയ്ൻ” ആയി പ്രവർത്തിപ്പിക്കാൻ സർക്കാർ മുമ്പ് പദ്ധതിയിട്ടിരുന്നു.
നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 100 മൈൽ ഓൾ-ലെയ്നുകൾ പൂർത്തിയാക്കാമെന്നും 57 മൈൽ താൽക്കാലികമായി നിർത്തിവയ്ക്കാമെന്നും ഇന്ന് സർക്കാർ തീരുമാനിച്ചു. ഇംഗ്ലണ്ടിലെ സ്മാർട്ട് മോട്ടോർവേകൾക്കാണ് ഇവ ബാധകം. ഇപ്പോൾ 400 മൈൽ സ്മാർട്ട് മോട്ടോർവേ പ്രവർത്തിക്കുന്നുണ്ടെന്ന് ഹൈവേസ് ഇംഗ്ലണ്ട് പറഞ്ഞു. ഇവയിൽ ഏകദേശം 200 മൈൽ മോട്ടോർവേയിൽ സ്ഥിരമായ ഹാർഡ് ഷോൾഡർ ഇല്ല.
തിരക്ക് കുറയ്ക്കാനായി റോഡിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിന് 390 മില്യൺ പൗണ്ട് പൊതു ഫണ്ട് നൽകുമെന്നും സർക്കാർ അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം 2014 നും 2019 നും ഇടയിൽ സ്മാർട്ട് മോട്ടോർവേകളിൽ 38 പേർ കൊല്ലപ്പെട്ടു. യുകെയിലെ ഏറ്റവും സുരക്ഷിതമായ റോഡുകളിലൊന്നാണ് സ്മാർട്ട് മോട്ടോർവേകളെന്നു ആദ്യം തെളിഞ്ഞെങ്കിലും അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അറിയിച്ചു.
Leave a Reply