ഷെറിൻ പി യോഹന്നാൻ

ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലേക്ക് നാലു വർഷത്തെ പഠനത്തിനായി എത്തുന്ന അരുൺ നീലകണ്ഠനെന്ന പതിനേഴുകാരനിലൂടെയാണ് വിനീത് ശ്രീനിവാസൻ ‘ഹൃദയം’ തുറക്കുന്നത്. അരുണിന്റെ കോളേജ് ജീവിതം മുതൽ വിവാഹജീവിതത്തിന്റെ ആദ്യഘട്ടം വരെയുള്ള കാലത്തെ സ്‌ക്രീനിൽ നിറയ്ക്കുകയാണ് സംവിധായകൻ. കോളേജ് ലൈഫ്, സൗഹൃദം, പ്രണയം, വിരഹം, തിരിച്ചറിവുകൾ, വിവാഹം എന്നിവയെല്ലാം ഹൃദയത്തിന്റെ പ്രമേയത്തിൽ ഉൾപ്പെടും.

ഒരു കഥാപാത്രത്തിന്റെ വളർച്ചയെ അതിഭാവുകത്വമില്ലാതെയാണ് വിനീത് അവതരിപ്പിച്ചിരിക്കുന്നത്. കോളേജ് ജീവിതമാണ് ആദ്യ പകുതിയിലെ കാഴ്ച. രണ്ടാം പകുതിയിൽ ജീവിതത്തിന്റെ അർത്ഥം അറിയാൻ ശ്രമിക്കുന്ന അരുണിനെ നമുക്ക് കാണാം. വിനീത് ശ്രീനിവാസന്റെ കഥ അത്ര മികച്ചതല്ല. എന്നാൽ സാധാരണ കഥയെ പ്രേക്ഷകനുമായി കൂട്ടിയിണക്കുന്നിടത്താണ് വിനീതെന്ന സംവിധായകനും തിരക്കഥാകൃത്തും വിജയിക്കുന്നത്.

ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതവും വിനീതിന്റെ പ്രണവ് മോഹൻലാൽ കഥാപാത്രവുമാണ് ഹൃദയത്തിന്റെ USP. ദർശന എന്ന ഗാനമൊഴികെ മറ്റെല്ലാ ഗാനങ്ങളും സീനുകളോട് ചേർന്നൊഴുകുകയാണ്. ‘പാട്ടിനുവേണ്ടിയുള്ള സീനുകൾ’ എന്ന തോന്നൽ ഉണ്ടാകുന്നില്ല. ‘ഹൃദയ’ത്തിലെത്തുമ്പോൾ പ്രണവ് മോഹൻലാൽ എന്ന അഭിനേതാവ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ദർശനയുടെ കഥാപാത്ര സൃഷ്ടി മികച്ചുനിൽക്കുന്നു. ആന്റണി താടിക്കാരനും കാളിയും സെൽവയുമെല്ലാം പ്രേക്ഷകനുമായി കണക്ട് ആവുന്ന കഥാപാത്രങ്ങളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോൺഫ്ലിക്ടുകൾ ഒഴിഞ്ഞ രണ്ടാം പകുതിയിലാണ് കല്യാണിയുടെ കഥാപാത്രം എത്തുന്നത്. അതിനാൽ വലിയ ആഴമൊന്നും ആ കഥാപാത്രത്തിന് കൈവരുന്നില്ല. ക്യാമ്പസ്‌ ലൈഫും പ്രണയവും വിരഹവും ഫ്രഷ് ആയ യാതൊന്നും സമ്മാനിക്കുന്നില്ല. പ്രേക്ഷകൻ ഇഷ്ടപ്പെടുന്ന കഥാപാത്രത്തിന്റെ മരണവും മകന് അച്ഛൻ നൽകുന്ന ഉപദേശവും എന്ന് തുടങ്ങി, പ്രെഡിക്റ്റബിൾ ആയ പല ക്‌ളീഷേ രംഗങ്ങളും ചിത്രത്തിലുണ്ട്. എന്നാൽ ഇമോഷൻസിനെ കൂട്ടുപിടിച്ചുള്ള കഥപറച്ചിലിൽ ഇത് കല്ലുകടിയായി മാറുന്നില്ലെന്നതാണ് പ്രധാനം.

രണ്ടാം പകുതിയിൽ പല വിവാഹ രംഗങ്ങളിലായി കഥ നീളുന്നതായി അനുഭവപ്പെട്ടു. ഒരു Coming of age ഡ്രാമയിൽ കേന്ദ്ര കഥാപാത്രത്തിന്റെ വളർച്ചയും, സംഭവിക്കുന്ന മാറ്റങ്ങളും പ്രേക്ഷകനെ സ്വാധീനിക്കുന്ന വിധത്തിൽ അവതരിപ്പിക്കണം. അതിൽ വിനീത് ശ്രീനിവാസൻ വിജയിച്ചിട്ടുണ്ട്. കണക്ട് ചെയ്യാൻ പറ്റുന്ന രംഗങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നിടത്താണ് ‘ഹൃദയം’ സ്വീകാര്യത നേടുന്നത്.

Last Word – പെർഫെക്ട് ആയ ചലച്ചിത്ര സൃഷ്ടിയല്ല ‘ഹൃദയം’. പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ സിനിമ ഓഫർ ചെയ്യുന്നില്ല. എന്നാൽ ഇമോഷൻസിനെ ചേർത്തുനിർത്തിയുള്ള വിനീതിന്റെ കഥപറച്ചിലിലാണ് ചിത്രം പ്രേക്ഷകനുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നത്. അവിടെയാണ്, പ്രണയത്തെക്കാൾ ഉപരിയായി വിരഹവും സൗഹൃദവും ജീവിതവും തീവ്രമായി അവതരിപ്പിക്കുന്ന ‘ഹൃദയം’ ഹൃദ്യമായ അനുഭവമാകുന്നത്.