അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴി ശരിവെച്ച് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. ബാലചന്ദ്ര കുമാറിനെ തനിക്ക് അറിയാമെന്നും അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടതെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി.കഥ പറയാന്‍ വന്നയാളാണെന്നാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെടുത്തിയത്. അന്നേദിവസം തനിക്ക് ദിലീപ് പണം നല്‍കിയെന്നും പള്‍സര്‍ സുനി മൊഴി നല്കി. വെള്ളിയാഴ്ച്ചയാണ് അന്വേഷണ സംഘം ജയിലില്‍ എത്തി പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്.
ദിലീപിന്റെ വീട്ടിലെത്തിയപ്പോള്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയെ ആദ്യം തിരിച്ചറിഞ്ഞില്ല, സഹോദരന് അനൂപാണ് സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. അന്ന് സുനിയുടെ കൈവശം പണമുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഗൂഢാലോചന കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ സംഘം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇത്തരത്തില്‍ ഫോണ്‍ കടത്തിയത്. പ്രതികള്‍ 2021 മുതല്‍ 2022 വരെ ഉപയോഗിച്ച ഫോണുകളാണ് മാറ്റിയത്.അതേസമയം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അഭിഭാഷകര്‍ പോലും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉള്ളതിനാലാണ് പ്രതികളുടെ ഫോണ്‍ കൈമാറാത്തത്. തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം അഭിഭാഷകരിലേക്ക് നീണ്ടേക്കും, പരിശോധന ഉള്‍പ്പെടെ വേണ്ടിവന്നേക്കും.
ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള ആശയ വിനിമയങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറണമെന്നുത്തരവിടാന്‍ അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന് അനൂപ്, ബന്ധു സൂരജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ച് പരിഗണിക്കുക. ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Leave a Reply