ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് രൂക്ഷമായപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായിരുന്നു വർക്ക് ഫ്രം ഹോം. വിദ്യാഭ്യാസം ഉൾപ്പെടെ മിക്ക മേഖലകളിലും വർക്ക് ഫ്രം ഹോം വൻ വിജയമായിരുന്നു. വർക്ക് ഫ്രം ഹോം നടപ്പിലാക്കിയതോടെ പല ഐടി കമ്പനികളുടെയും ലാഭംകുതിച്ചുയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല സ്ഥാപനങ്ങൾക്കും വാടക, ഇലക്ട്രിസിറ്റി പോലുള്ള ചിലവുകളിൽ ഗണ്യമായ കുറവ് ഉണ്ടാവുകയും ചെയ്തു.
ബ്രിട്ടനിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ വർക്ക് ഫ്രം ഹോം പരമാവധി ഒഴിവാക്കണമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത് . കൂട്ടായ പ്രവർത്തനം വേണ്ട പലകാര്യങ്ങളിലും വർക്ക് ഫ്രം ഹോം മെല്ലെ പോക്കിലേയ്ക്ക് കാര്യങ്ങൾ എത്തിക്കുന്നതായാണ് പൊതുവെ വിലയിരുത്തുന്നത്. എന്നാൽ ബ്രിട്ടനിൽ അഞ്ചിൽ രണ്ടുപേർ ഇനി ജോലിക്കായി ഒരിക്കലും ഓഫീസിലേയ്ക്ക് പോകില്ലന്ന അഭിപ്രായക്കാരാണ് . 71 ശതമാനം ആൾക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. സർവേയിൽ പങ്കെടുത്ത 58 ശതമാനം ആൾക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ തങ്ങളുടെ ഉല്പാദനക്ഷമത കൂടുന്നു എന്നാണ് വിശ്വസിക്കുന്നത്.
കഴിഞ്ഞ ആഴ്ച വർക്ക് ഫ്രം ഹോമിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ സർക്കാർ മാറ്റിയതിനുശേഷം വെറും ഒൻപത് ശതമാനം തൊഴിലാളികൾ മാത്രമാണ് ഓഫീസുകളിലേക്ക് തിരിച്ചെത്തിയത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ഉടനെ ഓഫീസിലേക്ക് മടങ്ങാനുള്ള സാധ്യത വിരളമാണെന്ന് മനഃശാസ്ത്ര വിദഗ്ധനായ സർ കാരി കൂപ്പർ പറഞ്ഞു. വീട്ടിലിരിക്കുമ്പോൾ കുടുംബജീവിതവും കുട്ടികളുടെ പരിപാലനവും മറ്റും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാമെന്നതാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
Leave a Reply