കോട്ടയം: പനച്ചിക്കാട് പാത്താമുട്ടത്ത് കഴുത്തിലും കയ്യിലും മുറിവുമായി യുവ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്ടർ പാത്താമുട്ടം പഴയാറ്റിങ്ങൽ രഞ്ജി പുന്നൂസിന്റെ മകൻ സ്റ്റെഫിൽ രഞ്ജി(32)യെയാണ് വീടിന്റെ ശുചിമുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കഴുത്തിലും, കയ്യിലും മുറിവുകളുണ്ട്. ഈ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സ്‌റ്റെഫിൽ ബാത്ത് റൂമിനുള്ളിൽ ചലനമില്ലാതെ കിടക്കുന്നതായി ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് സ്ഥലത്ത് എത്തി ബാത്ത്‌റൂമിനുള്ളിൽ കയറിയപ്പോഴാണ് കയ്യിൽ നിന്നും കഴുത്തിൽ നിന്നും രക്തം വാർന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടത്. തുടർന്ന്, പൊലീസ് സംഘം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം എസ്.എച്ച് ആശുപത്രി, ചെത്തിപ്പുഴ ആശുപത്രിയിൽ എന്നിവിടങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ഡോക്ടറുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പൊലീസ് സംഭവത്തിൽ കേസെടുത്തു.
Leave a Reply