ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂഡൽഹി : പാകിസ്ഥാനിലേക്ക് ഇന്ത്യയിൽ നിന്ന് മിസൈൽ തൊടുത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. അബദ്ധത്തിൽ സംഭവിച്ചതാണെന്നും മിസൈൽ സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമായതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ, ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പാകിസ്ഥാൻ മേഖലയിൽ ഇന്ത്യയിൽ നിന്നുള്ള മിസൈൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയിരുന്നെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴാണ് ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യ രംഗത്തെത്തിയത്.

ബുധനാഴ്ച രാത്രിയിലാണ് അതിവേഗത്തിൽ സഞ്ചരിച്ച മിസൈലിനോട് സാദൃശ്യമുള്ള വസ്തു അതിർത്തി കടന്ന് പാകിസ്ഥാനിൽ പ്രവേശിച്ചതെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ് ഇന്ത്യയുടെ മിസൈൽ ചെന്ന് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലായിരുന്നു ഇത്. ആളൊഴിഞ്ഞ പ്രദേശത്ത് പതിച്ചതിനാൽ അപകടം ഒഴിവായി.

സംഭവത്തിൽ ഇന്ത്യൻ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആർക്കും അപകടമുണ്ടാവാത്തതിൽ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേർത്തു.
	
		

      
      



              
              
              




            
Leave a Reply