ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്വവർഗ്ഗ ദമ്പതികളായ ഡാനിയേൽ മക്ഡോണലിനെയും ഗൈൽസ് നോർട്ടനെയും ചെൽട്ടൻഹാമിൽ വച്ചുള്ള ബസ് യാത്രയ്ക്കിടെ ഒരുകൂട്ടം കൗമാരക്കാർ അപമാനിച്ചതായി പരാതി. നാലഞ്ചു പേരടങ്ങുന്ന കൗമാരക്കാരാണ് കഴിഞ്ഞ ആഴ്ച രാത്രിയിൽ ബസ് യാത്രയ്ക്കിടെ ദമ്പതികളെ കടുത്ത ഭാഷയിൽ വാക്കുകൾകൊണ്ട് അപമാനിച്ചത്. ഇരുവരുടെയും സാധാരണയിൽ നിന്ന് വ്യത്യസ്തമായുള്ള വസ്ത്രധാരണമാകാം അപമാനത്തിനു ഇരയാകാൻ കാരണമെന്ന് പോലീസ് അധികൃതർ വിലയിരുത്തുന്നു. മാർച്ച് 12 ശനിയാഴ്ചയാണ് ഈ സംഭവം നടന്നതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ബസിലെ ഡ്രൈവർ ഇരുവർക്കും രക്ഷപെടുന്നതിനായി ബസ് നിർത്തി കൊടുത്തതാണ് ദമ്പതികൾക്ക് സഹായകമായത്. അപമാനിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും തന്നെ വെളുത്ത വർഗ്ഗക്കാരായ കൗമാരക്കാരായിരുന്നു എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കിയത്. ദമ്പതികളെ അപമാനിക്കുന്ന തരത്തിലുള്ള മോശമായ പല വാക്കുകളും ഇവർ ഉപയോഗിച്ചു.
ഗ്ലോസസ്റ്റർഷെയർ എല്ലാത്തരത്തിലും വളരെ സ്വാഗതാർഹമായ ഒരു പ്രദേശമാണെന്നും, ഇത്തരത്തിലുള്ള യാതൊരു കുറ്റകൃത്യങ്ങളും അനുവദിക്കുകയില്ലെന്നും പോലീസ് കമ്മീഷണർ സ്റ്റെഫ് ലോറൻസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടൻതന്നെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദൃക്സാക്ഷികളായിട്ടുള്ളവർ ഉടൻ തന്നെ പോലീസ് അധികൃതർക്ക് ആവശ്യമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply