വധഗൂഢാലോചനാക്കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്. കേസിലെ ആറാം പ്രതിയായ ശരത്തിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ഇയാള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഹാജരായിരുന്നത്. ഇതിന് ശേഷമാണ് എസ്പിയുടെ പ്രതികരണമുണ്ടായത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദീലീപിന് കൈമാറുമ്പോഴും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ആലോചന നടത്തിയപ്പോഴും ശരത്ത് വീട്ടിലുണ്ട് എന്നായിരുന്നു സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൈയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താന്‍ ദൃക്സാക്ഷിയാണെന്നായിരുന്നു സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ വീട്ടിലെത്തിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.
അതേസമയം, കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.
കേസില്‍ വാദം തുടരും. വധഗൂഢാലോചന കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു. അങ്ങനെയെങ്കില്‍ വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്ന് നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു.
അതേസമയം ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന് മറുപടി നല്കി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകന് ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷന് പറഞ്ഞു.
Leave a Reply