ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേത്യത്വത്തിൽ ഈ വരുന്ന ഏപ്രിൽ 3 ഞായറാഴ്ച്ച കെ റെയിൽ പ്രവാസ സദസ്സ് നടക്കും. കെ റെയിൽ പദ്ധതിയെ സംബന്ധിച്ച് പ്രവാസികൾക്ക് അടക്കം പൊതുസമൂഹത്തിൽ നില നിൽക്കുന്ന സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്നതാണ് പരുപാടിയുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. ഓൺലൈൻ ആയി സൂമിലൂടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന സഖാവ് ഡോ. തോമസ് ഐസക്ക് , സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം അഡ്വക്കേറ്റ് കെ അനിൽകുമാർ , ഇടതു സഹയാത്രികൻ ഡോ. പ്രേം കുമാർ എന്നിവർ പങ്കെടുക്കും . സമീക്ഷ യുകെ പുറത്തിറക്കിയ ഗൂഗിൾ ഫോം വഴി പ്രവാസികളിൽ നിന്നും ലഭിച്ച സംശയങ്ങൾക്ക് ഡോ. തോമസ് ഐസക്ക് മറുപടി പറയും.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്നാണ് കെ-റെയില്‍പറയപ്പെടുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് കെ റെയിലിന്റെ ലക്ഷ്യം.നമ്മുടെ സംസ്ഥാനത്തിലെ 11 ജില്ലകളിലൂടെയാണ് കെ റെയിൽ പാത കടന്നുപോകുന്നത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍’ (കെ-റെയില്‍) എന്ന കമ്പനിയാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, കാസര്‍ഗോഡ് നിന്നും നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് എത്താമെന്നതാണ് നേട്ടം.

പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാനും പദ്ധതിയുണ്ട്. ഇങ്ങനെ കേരളത്തിന്റെ അഭിമാന പദ്ധതിയാകേണ്ട കെ-റെയിലിനെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ജനങ്ങളിൽ തെറ്റിധാരണ പരത്തി ഇല്ലാതാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമം തികച്ചും അപലപനീയമാണ് . പ്രവാസ ലോകത്തു ജീവിച്ചുകൊണ്ട് ആധുനിക ലോകത്തിന്റെ വിവിധ വികസനപ്രവർത്തനങ്ങൾ അടുത്തു കാണുകയും അതിന്റെ ഗുണഭോക്താക്കൾ ആകുകയും ചെയ്തിട്ടുള്ള പ്രവാസികളിൽ പോലും തെറ്റിധാരണ പടർത്താനുള്ള തീവ്ര ശ്രമം ഇക്കൂട്ടർ നടത്തുന്നു. ഇത്തരം തെറ്റ് ധാരണകൾക്കും സംശയങ്ങൾക്കും ഒരു വ്യക്തത വരുത്തുക എന്നതാണ് പ്രവാസ സദസ്സിലൂടെ സമീക്ഷ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെ റെയിലിനായി ലോകത്തിലെ വിവിധ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരം ഒരു പരിപാടി ഇത് ആദ്യമായി ആണ് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 500 പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന കെ റെയിൽ പ്രവാസി സദസ്സിന്റെ വിജയത്തിനായി ജന്മനാടിന്റെ വികസനം ആഗ്രഹിക്കുന്ന ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി സമീക്ഷ യുകെ ഭാരവാഹികൾ പറഞ്ഞു .