ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലൈംഗികവിവാദത്തിൽപ്പെട്ടു പുറത്താകുന്ന ബ്രിട്ടിഷ് നേതാക്കളുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി. കൺസർവേറ്റീവ് എംപി ഡേവിഡ് വാർബർട്ടനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഡേവിഡിനെതിരെ ഉയർന്ന മൂന്ന് ലൈംഗികാരോപണങ്ങൾ അന്വേഷിക്കുകയാണെന്ന് കൺസർവേറ്റീവ് വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ഇൻഡിപെൻഡന്റ് കംപ്ലയിന്റ്സ് ആൻഡ് ഗ്രീവൻസ് സ്കീമും (ഐസിജിഎസ്) അന്വേഷണം നടത്തിവരുന്നു. 2015 മുതൽ സോമർട്ടൺ & ഫ്രോം എംപിയാണ് ഡേവിഡ്.

ഡേവിഡിനെതിരെ മൂന്നു സ്ത്രീകൾ പരാതിപ്പെട്ടതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. ഒപ്പം ഇദ്ദേഹം കൊക്കെയ്ൻ ഉപയോഗിച്ചതായും ആരോപണമുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ഡേവിഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, പാർട്ടി പറഞ്ഞതും പത്രങ്ങളിൽ വായിച്ചതുമല്ലാതെ തനിക്ക് കൂടുതൽ അറിയില്ലെന്ന് മന്ത്രി ഗ്രാന്റ് ഷാപ്‌സ് പ്രതികരിച്ചു. യൂറോപ്യൻ സൂക്ഷ്മപരിശോധന കമ്മിറ്റി മുൻ അംഗമായ ഡേവിഡ്, ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം സോമർസെറ്റിലെ സോമർട്ടണിനടുത്താണ് താമസിക്കുന്നത്.