ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അവധി ദിനങ്ങള്‍ ആരംഭിച്ചതോടെ മാഞ്ചസ്റ്റര്‍, ഹീത്രൂ, ബിര്‍മ്മിംഗ്ഹാം വിമാനത്താവളങ്ങളില്‍ വൻ തിരക്ക്. തിരക്ക് വർദ്ധിച്ചതോടെ ഗുരുതര പ്രതിസന്ധിയും ഉടലെടുത്തു. സെക്യൂരിറ്റി ചെക്കിംഗിനുള്ള നീണ്ട നിര വിമാനത്താവളങ്ങളിലെ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും എടുക്കുമെന്ന് ഒരു വ്യോമയാന റിക്രൂട്ട്‌മെന്റ് വിദഗ്ധൻ പറഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ അവധിക്കാലമാണ് വരുന്നതെന്ന് ബോർഡർ സ്റ്റാഫ് യൂണിയനും വ്യക്തമാക്കി.
ഹീത്രൂ, ഗാറ്റ്‌വിക്ക്, സ്റ്റാൻസ്‌റ്റെഡ്, മാഞ്ചസ്റ്റർ അടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ഏവിയേഷൻ റിക്രൂട്ട്‌മെന്റ് നെറ്റ്‌വർക്ക്, നിലവിൽ തങ്ങൾക്ക് 300 ലധികം ഒഴിവുകൾ ഉണ്ടെന്ന് വെളിപ്പെടുത്തി. ജീവനക്കാരുടെ ക്ഷാമം മൂലം ഈസി ജെറ്റും ബ്രിട്ടീഷ് എയർവേസും വിമാനങ്ങൾ റദ്ദാക്കിയിരുന്നു. പുതിയ എയർലൈൻ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നതിലുള്ള കാലതാമസമാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതെന്ന് ഈസിജെറ്റ് പറഞ്ഞു.
കഴിഞ്ഞ ആറാഴ്ചയായി സമ്മർ ബുക്കിംഗുകളിൽ വലിയ വർധനയാണ് ഉണ്ടായത്. നിരവധി സർവീസുകൾ റദ്ദാക്കപ്പെടുന്നതിനാൽ യാത്രയ്ക്ക് മുൻപ് തന്നെ വിമാന കമ്പനിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ബുക്ക് ചെയ്ത വിമാനത്തിന്റെ സ്റ്റാറ്റസ് അറിഞ്ഞതിനു ശേഷം വീട്ടിൽ നിന്ന് പുറപ്പെടുന്നതാണ് ഉചിതം.
Leave a Reply