ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യയിലേക്ക് പുറപ്പെടുന്നു. ഏപ്രിൽ 21ന് അദ്ദേഹം അഹമ്മദാബാദിലെത്തും. ഗുജറാത്തിലെ പരിപാടികൾക്കു ശേഷം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വ്യവസായ, പ്രതിരോധ മേഖലകളിൽ ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തുകയാണ് ജോൺസൺ-മോദി കൂടിക്കാഴ്ച ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാര കരാറും ചർച്ചയാകും. ഗുജറാത്തിൽ ബ്രിട്ടൻ വലിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
ബ്രിട്ടനിലും ഇന്ത്യയിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ വ്യാപാര കരാറിലൂടെ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകാൻ ബോറിസ് ജോൺസനെ ഇന്ത്യ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്ര ഒഴിവാക്കി.
“ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വലിയ സാമ്പത്തികശക്തിയുമാണ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ബന്ധം കൂടുതൽ ദൃഢമാക്കേണ്ടതുണ്ട്.” – ജോൺസൻ പറഞ്ഞു. ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ആദ്യമായാണ് ഗുജറാത്ത് സന്ദർശിക്കുന്നത്. റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്താനും വ്യാപാരം, പ്രതിരോധം, ഊർജം, ഭക്ഷ്യസുരക്ഷ എന്നിവയിൽ കൂടുതൽ അടുത്ത് സഹകരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ചിരുന്നു. ഫെബ്രുവരി 24 ന് യുക്രൈൻ ആക്രമിച്ചതിനുശേഷം ഇന്ത്യ റഷ്യയെ നേരിട്ട് വിമർശിച്ചിട്ടില്ല.
Leave a Reply