ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കഴിഞ്ഞ ദിവസം ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നവജാതശിശു മരണപ്പെട്ടുവെന്ന വാർത്ത വന്നത്. റൊണാൾഡോയും പങ്കാളിയായ ജോർജിനോയും ഇരട്ടകുട്ടികളെയാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിലെ ആൺകുട്ടി മരിച്ചുവെന്ന് താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിതെന്നും റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു പെൺകുഞ്ഞിനും ആൺകുഞ്ഞിനുമാണ് റൊണാൾഡോയുടെ പങ്കാളി ജോർജിന റൊഡ്രിഗസ് ജന്മം നൽകിയത്. ഇതിൽ ആൺകുഞ്ഞാണ് മരണപ്പെട്ടത്. പെൺകുഞ്ഞിന്റെ ജനനമാണ് ഈ നിമിഷത്തിൽ ജീവിക്കാനുള്ള ശക്തി നൽകുന്നതെന്നും റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൃത്യമായ പരിചരണവും കരുതലും നൽകുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ആൺകുഞ്ഞ് ഒരു മാലാഖയാണെന്നും അവനെ എക്കാലവും തങ്ങൾ സ്നേഹത്തോടെ ഓർക്കുമെന്നും റൊണോൾഡോ കുറിച്ചു. അതേസമയം, ദുഖകരമായ ഒരു സമയത്തിലൂടെ കടന്നു പോകുന്ന റൊണാൾഡോ ഇന്ന് ലിവർപൂളുമായി നടക്കുന്ന പ്രിമീയർ ലീഗ് മത്സരത്തിൽ കളിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്റെ പ്രിയപ്പെട്ടവർക്ക് താരം പിന്തുണ നൽകേണ്ട സമയമാണിതെന്നതു കൊണ്ട് മത്സരത്തിൽ റൊണാൾഡോ കളിക്കില്ലെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ക്ലബ്‌ അറിയിച്ചു.

മകന്റെ മരണത്തിൽ തകർന്നിരിക്കുന്ന റൊണാൾഡോയ്ക്ക് പിന്തുണ അറിയിക്കാൻ ലിവർപൂൾ ആരാധകരും ഒരുങ്ങുകയാണ്. റൊണാൾഡോ ഏഴാം നമ്പർ ജേഴ്‌സി അണിയുന്നതു കണക്കിലെടുത്ത് മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തങ്ങളുടെ പിന്തുണ അറിയിക്കാനും താരത്തിന്റെ ദുഃഖത്തിൽ പങ്കു ചേരാനുമാണ് ലിവർപൂൾ ആരാധകർ ഒരുങ്ങുന്നതെന്ന് വിവിധ ട്വീറ്റുകൾ വ്യക്തമാക്കുന്നു. റൊണാൾഡോയുടെ മകന്റെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ദുഖത്തില്‍ പങ്കുചേരുകയും ചെയ്തത്.