ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- റഷ്യ- യുക്രൈൻ യുദ്ധത്തിൽ യുക്രൈനിനു പൂർണപിന്തുണ നൽകുന്ന ബ്രിട്ടനെ പൂർണമായി തുടച്ചു നീക്കുവാൻ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമേൽ സമ്മർദ്ദം ചെലുത്തിയിരിക്കുകയാണ് റഷ്യൻ സ്റ്റേറ്റ് മീഡിയ. പുടിന്റെ ഏറ്റവും വലിയ പ്രചാരകനായ വ്ളാഡിമിർ സോളോവ്യോവ് ആണ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യ ഈ വർഷം അവസാനം നിരത്തിലിറക്കുന്ന സർമാറ്റ് 2 മിസൈലിനെ സംബന്ധിച്ച് റഷ്യ സ്പേസ് ഏജൻസി മേധാവിയുമായുള്ള ചർച്ചയ്ക്കിടെയാണ് സോളോവ്യോവ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയത്. ഒരു സർമാറ്റ് മിസൈൽ എന്നാൽ ബ്രിട്ടനില്ല എന്ന തരത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. സോളോവ്യോവിനെ ഉൾപ്പെടെയുള്ളവരെ വധിക്കാനുള്ള ഉക്രൈനിൽ നിന്നുള്ള ഒരു സംഘത്തിന്റെ ശ്രമത്തെ തകർത്തതായി രണ്ടു ദിവസം മുൻപ് വ്ളാഡിമിർ പുടിൻ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഉക്രൈൻ പ്രസ്താവിച്ചു.

പാശ്ചാത്യ പ്രതിരോധ വിദഗ്ധർ സർമാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് സാത്താൻ -2 എന്ന വിശേഷണം ആണ് നൽകുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാനാകുന്ന ഭൂഖണ്ഡാന്തര മിസൈലാണ് ഇത്. ഒരേ സമയം തന്നെ ഇതിന് പതിനഞ്ചോളം പോർമുനകൾ വഹിക്കുവാൻ സാധിക്കും. പാശ്ചാത്യ രാജ്യങ്ങളുടെ നിലവിലുള്ള റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് പോലും ഇവയെ കണ്ടെത്താൻ കഴിയുകയില്ലെന്ന് റഷ്യൻ പ്രസിഡന്റ് അവകാശപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ആയുധമാണ് തങ്ങളുടെ പക്കലുള്ളത് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇത്തരത്തിൽ സാഹചര്യങ്ങൾ മുന്നോട്ടു പോയാൽ മൂന്നാമതൊരു മഹായുദ്ധത്തിൽ ഏകലോകം നയിക്കപ്പെടുമെന്ന ഭീതി ഇപ്പോൾ നിലനിൽക്കുന്നുണ്ട്.