ലണ്ടൻ: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ, ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ജൂൺ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടും. പ്രമുഖരായ ധ്യാന ഗുരുക്കൾ നേതൃത്വം വഹിക്കുന്ന ബൈബിൾ കൺവൻഷൻ ഇത്തവണ കാന്റർബറിയിലാണ് വേദിയൊരുങ്ങുക. കുട്ടികള്‍ക്കായി പ്രത്യേക പ്രാർത്ഥനാ ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട്

‘ അങ്ങയുടെ പ്രകാശവും, സത്യവും അയക്കണമേ! അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും, നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ'(സങ്കീര്‍ത്തനങ്ങള്‍ 43:3)

ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന ലണ്ടന്‍ ബൈബിൾ കണ്‍വെന്‍ഷനില്‍ തിരുവചന പ്രഘോഷണം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യ ആരാധനയ്ക്കും ഒപ്പം ഗാന ശുശ്രുഷ, പ്രെയ്‌സ് ആൻഡ് വർഷിപ്പ് ശുശ്രൂഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുമ്പസാരത്തിനും, കൗൺസിലിംഗിനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.രാവിലെ10:00 മണിക്കാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരിജനറാളും, കുടുംബകൂട്ടായ്മ, ഇവാഞ്ചലൈസേഷൻ കമ്മീഷനുകളുടെ നേതൃത്വം വഹിക്കുകയും ചെയ്യുന്ന, ലെസ്റ്റർ സീറോ മലബാർ മിഷൻ വികാരി മോൺ. ജോർജ്ജ് തോമസ് ചേലക്കൽ മുഖ്യകാർമ്മികനായി വിശുദ്ധബലി അർപ്പിക്കുകയും, പ്രധാന സന്ദേശം നൽകുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വക്താവും, മീഡിയ കമ്മീഷന്‍ ചെയര്‍മാനും,സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട് തിരുവചന ശുശ്രുഷക്കു നേതൃത്വം വഹിക്കും. രൂപതയുടെ കുടുംബ കൂട്ടായ്‌മ കമ്മീഷൻ പാസ്റ്ററൽ പേട്രണും ആഷ്‌ഫോർഡ് മാർ ശ്ലീവാ മിഷൻ വികാരിയുമായ ഫാ. ഹാൻസ് പുതിയകുളങ്ങര, ലണ്ടന്‍ റീജണിലെ വിവിധ മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ ചാര്ജും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷണനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത വചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ ബൈബിൾ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.

കാന്റർബറി ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കാളിയാവാൻ എത്തുന്ന ഏവര്‍ക്കും, ഉത്ഥിതനായ ലോകരക്ഷകന്റെ അനുഗ്രഹ വരദാനങ്ങൾക്കും, പരിശുദ്ധാല്മ കൃപകൾക്കും ബൈബിൾ കൺവെൻഷൻ അനുഭവ വേദികൂടിയാവും.

ബൈബിൾ കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും, ശുശ്രുഷകൾ അനുഗ്രഹദായകമാവട്ടെയെന്ന് ആശംസിക്കുന്നതായും ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മനോജ് തയ്യില്‍, ഡോൺബി ജോണ്‍ എന്നിവർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07515863629, 07939539405

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
CANTERBURY HIGH SCHOOL , KNIGHT AVENUE , CT2 8QA