ഷെറിൻ പി യോഹന്നാൻ
ഏഴു ദിവസത്തിനുള്ളിൽ തക്ഷകന്റെ കടിയേറ്റു മരണം സംഭവിക്കുമെന്ന ബ്രാഹ്മണശാപം ഉണ്ടായതായി അറിഞ്ഞ പരീക്ഷിത് മഹാരാജാവ് അതിൽ നിന്ന് രക്ഷപെടാനായി പല വഴികളും തേടുന്നു. സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിതു. കൊട്ടാര സുരക്ഷയ്ക്കായി ഉയരമുള്ള മദയാനകളെ ഏർപ്പാടാക്കി. എന്നാൽ സ്വയം അഹങ്കരിച്ചിരുന്ന രാജാവിന് മുന്നിൽ ഏഴാം ദിവസം ഒരതിഥി എത്തി – ഒരു പുഴു. രൂപം മാറി വന്ന തക്ഷനായിരുന്നു അത്. ആ പുഴുവിന്റെ കടിയേറ്റ് രാജാവ് മരിച്ചു.
പുരാണത്തിലെ ഈ കഥ പലയിടത്തായി പ്ലേസ് ചെയ്യുകയും അതിലൂടെ ശക്തമായ രാഷ്ട്രീയം പറയുകയും ചെയ്യുന്ന ചിത്രമാണ് ‘പുഴു’. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം, ‘ഉണ്ട’യ്ക്ക് ശേഷം ഹർഷാദിന്റെ തിരക്കഥ തുടങ്ങിയ പ്രത്യേകതകൾ കൊണ്ട് തന്നെ പുഴു ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പൻ എന്ന നാടക നടനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ആദ്യ അരമണിക്കൂറിൽ തന്നെ സിനിമ പറയുന്ന രാഷ്ട്രീയം കൃത്യമായി പ്രേക്ഷകനിൽ എത്തുന്നുണ്ട്. ഒരു കരണത്തടിയിലൂടെ അത് കൂടുതൽ നീറി പുകയുന്നു.
സമ്പന്നനായ, താൻ പറയുന്നതാണ് ശരി എന്ന് കരുതുന്ന, തിരുത്താൻ തയ്യാറാകാത്ത, തന്റെ ആഗ്രഹപ്രകാരം മകനെ വളർത്തുന്ന ഒരാളാണ് കുട്ടൻ. ഇതിലുപരയായി കടുത്ത ജാതിവിദ്വേഷവും ദുരഭിമാനവും അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വല്ല കക്കൂസും കഴുകി ജീവിച്ചൂടെ എന്നാണ് അദ്ദേഹം കുട്ടപ്പനോട് ചോദിക്കുന്നത്. ഉന്നതകുലജാതനായ ഒരുവന്റെ ചിന്താഗതി അവിടെ വെളിവാക്കുന്നു. പല രഹസ്യങ്ങളും ഉള്ളിൽ സൂക്ഷിക്കുന്ന, കടുത്ത ജാതി-മത വിദ്വേഷം പേറുന്ന, മരണഭയത്തോടെ ജീവിക്കുന്ന, ടോക്സിക് പേരെന്റിങ്ങിന്റെ ഉത്തമ ഉദാഹരണമായ കുട്ടനെ മമ്മൂട്ടി ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സൂക്ഷ്മ ഭാവങ്ങളിലൂടെ അദ്ദേഹം ഞെട്ടിക്കുന്നുണ്ട്. കലങ്ങിമറിഞ്ഞ മനസ്സുമായി ജീവിക്കുന്ന നായകൻ മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരുന്നു. ക്ലൈമാക്സിൽ പറയുന്നതുപോലെ, ഇത് മമ്മൂട്ടിയുടെ പരകായ പ്രവേശമാണ്. ഭാസ്കരപട്ടേലരെ പോലെ, അഹമ്മദ് ഹാജിയെ പോലെ, കുട്ടനെ പോലെ ഇനിയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി വിസ്മയിപ്പിക്കട്ടെ.
നിരന്തരം അവഗണകൾ നേരിട്ട് ഇപ്പോൾ അതിനോട് എതിർത്തു നിൽക്കുന്ന, കലയിലൂടെ കാലുറപ്പിച്ചു നിൽക്കുന്ന കുട്ടപ്പനും ഗംഭീരമാണ്. കുട്ടന്റെ ഭയത്തിന് കാരണമാകുന്നത് ഇയാളാണ്. അപ്പുണി ശശിയുടെ മികച്ച പ്രകടനം ഈ കഥാപാത്രത്തെ കൂടുതൽ സുന്ദരമാക്കുന്നു. തനിക്ക് ലഭിച്ച വേഷം പാർവതിയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ രഹസ്യാത്മകത നിലനിർത്തുന്നതിൽ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മുഖ്യ പങ്ക് വഹിക്കുന്നു.
ആദ്യ പകുതിയിൽ ചിലയിടത്ത് വ്യക്തക്കുറവ് ഉണ്ടാവുന്നുണ്ട്. എഡിറ്റിങ്ങും പെർഫെക്ടായി അനുഭവപ്പെട്ടില്ല. എന്നാൽ, സിനിമയുടെ വലിയ പോരായ്മ ക്ലൈമാക്സ് ആണെന്ന് തോന്നി. ഇത്തരമൊരു ചിത്രത്തിൽ ഇസ്ലാമോഫോബിയ ഒളിച്ചു കടത്തുകയാണോയെന്ന സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള ക്ലൈമാക്സായിരുന്നു. എന്നാൽ ആശയപരമായും പ്രകടനപരമായും മികച്ചു നിൽക്കുന്നതിനാൽ മൊത്തത്തിലുള്ള ഔട്ട്‌പുട്ടിൽ ‘പുഴു’ വിജയമാണ്.
Last Word – പുഴു ഒരു പൊളിറ്റിക്കൽ സിനിമയാണ്. തമിഴ് സിനിമ ശക്തമായി സംസാരിക്കുന്ന Caste Politics ആണ് ഇവിടെയും വിഷയം. എന്നാൽ അതിനെ തീവ്രമായി പ്രേക്ഷകരിൽ എത്തിക്കാൻ പുഴുവിന് സാധിക്കുന്നു. രഹസ്യാത്മകത നിലനിർത്തികൊണ്ട് തന്നെ ഇഴഞ്ഞു നീങ്ങുന്ന, സമൂഹത്തിന്റെ പൊതുബോധ നിർമിതിയെ ദംശിക്കുന്ന, കലാമൂല്യമുള്ള ഒരു ചിത്രം.
Leave a Reply