പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കുറ്റാന്വേഷണകഥകൾ പറയാൻ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ‘ദൃശ്യം 2’വിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും കൈകോർക്കുന്നു എന്ന വാർത്തകൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രതീക്ഷകൾ ചെറുതല്ല. ആ പ്രതീക്ഷകളെയൊന്നും ‘ട്വൽത്ത്മാൻ’ അസ്ഥാനത്താക്കുന്നില്ല. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേ മുക്കാൽ മണിക്കൂറുകൾ കൊണ്ട് നിഗൂഢതകളുടെ ചുരുളുകൾ അഴിച്ച്, പ്രേക്ഷകരുടെ മനസ്സിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് ‘ട്വൽത്ത്മാൻ’. ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഒന്നിച്ചു പഠിച്ച ഏഴു കൂട്ടുകാർ, അവരുടെ പങ്കാളികളുമടക്കം അവർ 11 പേർ- മാത്യു, ഫിദ, ജിതേഷ്, സക്കറിയ, മെറിൻ, ഷൈനി, സിദ്ധാർത്ഥ്, സാം, ആരതി, ആനി, ഡോ. നയന. സിദ്ധാർത്ഥിന്റെ ബാച്ച്‌ലർ പാർട്ടിയാഘോഷിക്കാൻ കാടിനു നടുവിലെ ഒരു റിസോർട്ടിലെത്തുകയാണ് ഈ ചങ്ങാതികൂട്ടം. അവിചാരിതമായി അവിടെ കണ്ടുമുട്ടുന്ന ഒരു അപരിചിതനുമായി അവർ ഒന്നുരസ്സുന്നു. ആ രാത്രി തന്നെ ചങ്ങാതികൂട്ടത്തിൽ ഒരാളെ മരിച്ച നിലയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്നു. ആ മരണം ആത്മഹത്യയോ? കൊലപാതകമോ? ആരാണ് കൊലയാളി? ആ ബാച്ച്‌ലർ പാർട്ടിയ്ക്കിടയിലേക്ക് ക്ഷണിക്കാതെയെത്തിയ ആ അപരിചിതൻ,(പന്ത്രണ്ടാമൻ) ആര്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് പ്രേക്ഷകരെ ആകാംക്ഷയോടെ കൂടെനടത്തിക്കുകയാണ് ജീത്തു ജോസഫ് എന്ന സംവിധായകൻ.

വ്യത്യസ്ത മാനറിസങ്ങളിലെത്തുന്ന മോഹൻലാലിന്റെ ചന്ദ്രശേഖർ തന്നെയാണ് ചിത്രത്തിന്റെ രസച്ചരട് മുറിക്കാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ പ്രധാനി. സൈജു കുറുപ്പ്, ലിയോൺ, ചന്ദുനാഥ്, ഉണ്ണി മുകുന്ദൻ, അനു സിത്താര, അനുശ്രീ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, പ്രയാഗ, ശിവദ എന്നിവരും തങ്ങളുടെ റോളുകളെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നന്ദു, സിദ്ദിഖ്, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

WhatsApp Image 2024-12-09 at 10.15.48 PM

നൂറുശതമാനം മിസ്റ്ററി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണ് ‘ട്വൽത്ത്മാൻ’. മലയാളസിനിമയ്ക്ക് അത്ര പരിചിതമല്ലാത്തൊരു കഥ പറച്ചിൽ രീതിയും സമീപനവുമാണ് ജീത്തു ജോസഫ് ട്വൽത്ത്മാനായി സ്വീകരിച്ചിരിക്കുന്നത്. കാടിനു നടുവിലെ ഒറ്റപ്പെട്ടു കിടക്കുന്ന റിസോർട്ടും 12 കഥാപാത്രങ്ങളും മാത്രമാണ് തൊണ്ണൂറു ശതമാനവും സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത്. ആവർത്തിച്ചുകാണിച്ച ലൊക്കേഷനുകളും രംഗങ്ങളുമൊക്കെ ഏറെ ചിത്രത്തിൽ കാണാമെങ്കിലും ഒട്ടും മടുപ്പിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ നരേഷൻ. സസ്പെൻസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്, അത് ആദ്യാവസാനം നിലനിർത്താൻ ട്വൽത്ത്മാന് സാധിക്കുന്നുണ്ട്. 12 കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിയാണ് ജീത്തു ജോസഫും തിരക്കഥാകൃത്ത് കൃഷ്ണകുമാറും ട്വൽത്ത്മാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ക്രൈം സീനിൽ അത്ര വേഗത്തിലൊരു​ അന്വേഷണം സാധ്യമാകുമോ? എന്നതു പോലുള്ള ചില ലോജിക് പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നിരുന്നാലും പരിമിതികളിൽ നിന്നുകൊണ്ട് വൃത്തിയായെടുത്ത ഒരു ത്രില്ലർ ചിത്രം എന്ന രീതിയിൽ ‘ട്വൽത്ത്മാൻ’ അഭിനന്ദനം അർഹിക്കുന്നുണ്ട്.

ചിത്രത്തിന് ആകമാനം നിഗൂഢമായൊരു പരിവേഷം സമ്മാനിക്കുന്നതിൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തിനും വലിയൊരു റോൾ തന്നെയുണ്ട്, മഞ്ഞും മഴയും മാറിമാറിയെത്തുന്ന കുളമാവിന്റെ ഭംഗിയും രാത്രികാഴ്ചകളുമൊക്കെ ഏറെ മിഴിവോടെ സതീഷ് കുറുപ്പ് പകർത്തിയിരിക്കുന്നു. അനിൽ ജോൺസന്റെ സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നതാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ട്വൽത്ത് മാൻ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.