സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

തിരക്കിട്ട് ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേയ്ക്ക് മകൻ ഓടി വന്ന് ‘അമ്മേ ഒന്നെടുക്കാവോ’ എന്ന ഭാവത്തിൽ രണ്ട് കൈയ്യും പൊക്കി അമ്മയുടെ കണ്ണുകളിലേയ്ക്ക് നോക്കി പുഞ്ചിരിച്ചാൽ ആ അമ്മയെന്തു ചെയ്യും? സമയമില്ല കുട്ടാ… എന്ന മട്ടിൽ അമ്മ തിരിഞ്ഞു നടന്നാലും കൈകൾ ആകാശത്തിലേക്കുയർത്തി അവൻ പിന്നാലെ ഓടും. ഇത് കാണുന്ന അമ്മ സകല തിരക്കുകളും മാറ്റി വെച്ച് അവനെ കോരിയെടുക്കും. തറവിട്ട് ആകാശത്തിലേയ്ക്ക് പൊങ്ങി അമ്മയുടെ ഹൃദയത്തോട് ചേർന്നിരിക്കുമ്പോൾ ലോകം കീഴടക്കിയവനേപ്പോലെയാകും അവൻ്റെ ഭാവം. അവൻ്റെ കണ്ണിലെ തിളക്കം സൂര്യനേക്കാൾ പ്രഭാപൂരിതമാകും. അമ്മയുടെ ഒക്കത്തിരിക്കുമ്പോൾ അവന് അസാമാന്യ ധൈര്യമാണ്. അപ്പോൾ അച്ഛനേയും അവന് പേടിയില്ല… അമ്മയുടെ വിരൽ കുഞ്ഞിൻ്റെ കൈ വെള്ളയ്ക്കുള്ളിലുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും നേരിടാനുള്ള ധൈര്യം കുഞ്ഞിനുണ്ടാകും.

ഇതു പോലെ തന്നെയാണ് ഈശോയുടെ അമ്മയെ സ്നേഹിക്കുന്നവൻ്റെ അവസ്ഥയും. പരി. അമ്മയെ സ്വന്തം അമ്മയാക്കി വീട്ടിലേയ്ക്ക് കൊണ്ടുവരുമ്പോൾ, ആ വിരൽ തുമ്പ് പിടിച്ച് നടക്കുമ്പോൾ ചിത്രശലഭത്തിൻ്റെ ഭാരമേ നമ്മുടെ ജീവിത സങ്കടങ്ങൾക്കുണ്ടാകൂ. ആ ഭാരം നമ്മുടെ തലയോ നടുവോ അധികമായി വളയാനോ ഒടിയാനോ അനുവദിക്കില്ല.

പരിശുദ്ധ അമ്മയുമായുള്ള എൻ്റെ ബന്ധം പെറ്റമ്മയേക്കാൾ വലുതാണ്. കാരണം, പരിധികളും പരിമിതികളും ഇല്ലാതെ പരി. അമ്മയ്ക്ക് എന്നെ സ്വർഗ്ഗം വരെ എടുത്തുയർത്താൻ സാധിക്കും. മനസ്സ്കൊണ്ട് അമ്മേ എന്ന് നീട്ടി വിളിച്ചാൽ ഓടിയെത്തും. എല്ലാത്തിനേയും അതിജീവിക്കാനുള്ള ശക്തി തരും. കുരിശു മാത്രം നോക്കിയിരിക്കാതെ കുരിശിനപ്പുറമുള്ള ഒരു രക്ഷ നേടിയെടുക്കാൻ എന്നെ ഒരുക്കും. ഇത്രയും കാരണങ്ങൾ പോരെ എൻ്റെ ആത്മാവ് സ്വർഗ്ഗത്തിലെത്താൻ???

ഇത് എൻ്റെ മാത്രം കാര്യമല്ല. പരി അമ്മയിലാശ്രയിക്കുന്ന എല്ലാവരുടേയും കാര്യമാണ്. അമ്മയിൽ ആശ്രയിക്കുന്നവർ ഒരിക്കലും നിരാശരാവുകയില്ല. സ്വന്തം അമ്മയിൽ ആശ്രയിക്കുന്നവർ ഭൗതീക ജീവിതത്തിലും പരി. അമ്മയിൽ ആശ്രയിക്കുന്നവർ ആദ്ധ്യാത്മീക ജീവിതത്തിലും നിരാശരാവില്ല.  നിരന്തരം പ്രാർത്ഥിക്കുക പ്രത്യേകിച്ചും പരി. അമ്മയുടെ വണക്കമാസ നാളിൽ.

സുകൃതജപം

പരി. അമ്മേ.. സ്വർഗ്ഗീയ സിംഹാസനത്തിലിരിക്കുന്ന അങ്ങയുടെ തിരുകുമാരനെ കാണുവാനുള്ള ഭാഗ്യം എനിക്ക് നല്കണമേ..

പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/7MNktsZ0iXw