ഷെറിൻ പി യോഹന്നാൻ
സിദ്ധാർഥിന്റെ ബാച്ചിലര്‍ പാർട്ടിക്ക് വേണ്ടിയാണ് ആ പതിനൊന്നു പേർ കുളമാവിലുള്ള റിസോർട്ടിൽ എത്തിയത്. ആറ് സ്‍ത്രീകളും അഞ്ച് പുരുഷൻമാരും അടങ്ങുന്ന സംഘം. ഇവർ പണ്ട് തൊട്ടേ നല്ല സുഹൃത്തുക്കളാണ്. ബാച്ചിലര്‍ പാര്‍ട്ടി പുരോഗമിക്കവേ ഒരു കളി കളിക്കാൻ ഇവർ ഒരുങ്ങുന്നു. എന്നാൽ വലിയ പ്രത്യാഘാതങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പകുതിക്ക് വച്ച് നിർത്തിയ ആ കളി പുനരാരംഭിക്കാൻ ഒരു പന്ത്രണ്ടാമൻ എത്തുന്നു – അതിലൂടെ ഒരു ഉത്തരം തേടാനും.
ജിത്തു ജോസഫിന്റെ മേക്കിങ് ശൈലിയോട് വലിയ താല്പര്യമില്ലെങ്കിലും രഹസ്യാത്മകത നിലനിർത്തിയുള്ള അദ്ദേഹത്തിന്റെ തിരക്കഥകൾ മികച്ചതാണ്. ഇവിടെ ഒരു ക്രൈം ഡ്രാമയിൽ whodunit എന്ന ചോദ്യമുന്നയിച്ച് അതിനുത്തരം കണ്ടെത്തുകയാണ് സംവിധായകൻ. മിസ്റ്ററി നിലനിർത്തി കഥ പറയുമ്പോൾ തന്നെ പല പോരായ്മകളും സിനിമയിൽ മുഴച്ചുനിൽക്കുന്നു.
പശ്ചാത്യ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള കഥാഗതിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചത്. 2016 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രമായ ‘Perfect Strangers’ നോട് സമാനമായ കഥാഗതി ഇവിടെയും കാണാം. ഉറ്റ സുഹൃത്തുക്കളുടെ സംഘം, ഒരു കളി, അതിലൂടെ ഉണ്ടാവുന്ന ഒരാപത്ത്, പുറത്തുവരുന്ന രഹസ്യങ്ങൾ എന്നിങ്ങനെ കഥ പുരോഗമിക്കുന്നു. സിനിമയിലെ അന്വേഷണം ഒരു അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. കഥാപാത്രങ്ങളുടെ തുറന്നു പറച്ചിലിലൂടെയാണ് പല സത്യങ്ങളും മറ നീക്കി പുറത്തു വരുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്ത ആഖ്യാനത്തിലൂടെ കഥയെ മുന്നോട്ട് കൊണ്ടുപോയത് നന്നായിരുന്നു. ഒപ്പം ആ ഉത്തരം കണ്ടെത്തുന്ന വഴിയും.
രണ്ടാം പകുതിയിലാണ് ചിത്രം എൻഗേജിങ് ആവുന്നത്. കഥാപാത്രങ്ങളുടെ വെളിപ്പെടുത്തലുകൾ പലതും കഥയെ കൂടുതൽ ഇൻട്രസ്റ്റിങ് ആക്കുന്നു. പ്രകടനങ്ങളിൽ എല്ലാവരും തങ്ങൾക്ക് ലഭിച്ച വേഷം ഭംഗിയാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ പ്രകടനമാറ്റവും ശ്രദ്ധേയമാണ്. കഥാപരിസരവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ ട്രില്ലടിപ്പിക്കുന്ന തരത്തിലുള്ള വൗ മൊമെന്റസ് കുറവാണെന്നതാണ് പ്രധാന പോരായ്മ.
പതിനൊന്ന് സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തിയുള്ള തുടക്കം തന്നെ അനാവശ്യമായി തോന്നി. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിലെ തുടക്ക രംഗങ്ങളൊക്കെ ദുർബലമായിരുന്നു. ഒരു സീരിയൽ ഫീലാണ് നൽകിയത്. എന്നാൽ പുരോഗമിക്കുന്തോറും കഥ ഗ്രിപ്പിങ്ങായി അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആ സംഘത്തിലെ ഒരാളാണ് കുറ്റവാളിയെന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ ക്ലൈമാക്സും വലിയ ഞെട്ടലുണ്ടാക്കാതെ അവസാനിക്കുന്നു.
Last Word – പുതുമയില്ലെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ’12th Man’. രണ്ടാം പകുതിയിലെ കഥ പറച്ചിലും കാഴ്ചകളുമാണ് ചിത്രത്തിന്റെ ശക്തി. എന്നാൽ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടെ അഭാവം ചിത്രത്തെ ബാധിക്കുന്നുണ്ട്. മൊത്തത്തിൽ, ഒരു ശരാശരി അനുഭവം.
Leave a Reply