ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഫ്രാൻസിലെ ബോറ ബോറയോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച നൂറ് ബീച്ചുകളുടെ ലിസ്റ്റിൽ ഡോർസെറ്റിലെ ഡർഡിൽ ഡോറും ഉൾപ്പെട്ടിരിക്കുകയാണ്. ഡർഡിൽ ഡോറിനോടൊപ്പം യു കെയിൽ നിന്നും വെയിൽസിലെ ടെൻബി നോർത്ത് ബീച്ച് മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. അയർലണ്ടിൽ നിന്നും കീം ബേ ബീച്ച് ഈ ലിസ്റ്റിലുണ്ട്. ലൈമ്സ്റ്റോൺ കൊണ്ട് പ്രകൃതി തന്നെ ഒരുക്കിയ ഒരു വലിയ ആർച്ച് ആണ് ഈ ബീച്ചിന്റെ പ്രത്യേകത. ബോൺമൗത്തിൽ നിന്നും ഏകദേശം 25 മൈലോളം നീണ്ടു കിടക്കുന്ന ഈ ബീച്ച് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഇവിടുത്തെ പ്രത്യേകതയായ ലൈമ്സ്റ്റോൺ ആർച്ചിന് ഏകദേശം 10,000 വർഷത്തെ പഴക്കമുണ്ട് എന്നാണ് നിഗമനം. മണ്ണും ചരലുമെല്ലാം കൂടി കലർന്ന ഈ ബീച്ചിലെ വെള്ളവും വളരെ തെളിഞ്ഞതാണ്.

പഴയകാലത്തെ മൃഗങ്ങളുടേയും മറ്റും ഫോസിലുകളുടെ അവശിഷ്ടങ്ങൾ അടങ്ങുന്ന പാറക്കൂട്ടങ്ങളും ബീച്ചിന് അടുത്തായി തന്നെ ഉണ്ട്. ഇതോടൊപ്പംതന്നെ പാറകൾക്കിടയിൽ ചെറിയതോതിലുള്ള സുഷിരങ്ങളും ഗുഹകളും ഉണ്ട്. എന്നാൽ ബീച്ചിൽ എത്തുന്ന വിനോദസഞ്ചാരികൾ ഇതിൽ കടക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമുണ്ട്. വെയിൽസിലെ പെമ്ബ്രോക്ക്ഷെയറിലുള്ള ടെൻബി നോർത്തും ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. വളരെയധികമായുള്ള സമുദ്രജീവികളാണ് ഈ ബീച്ചിന്റെ പ്രത്യേകത. ജെല്ലി ഫിഷിനെ വരെ ഈ ബീച്ചിൽ വിനോദസഞ്ചാരികൾക്ക് കാണുവാൻ സാധിക്കും.