ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നെറ്റ്‌വർക്ക് റെയിൽ, ട്രെയിൻ ഓപ്പറേറ്റഴ്സ്, ലണ്ടൻ അണ്ടർഗ്രൗണ്ട് എന്നിവരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുൻപോട്ട് പോകാൻ റെയിൽ, മരീടൈം ആൻഡ് ട്രാൻസ്‌പോർട്ട് യൂണിയൻ തീരുമാനം. നെറ്റ്‌വര്‍ക്ക് റെയിലിലും മറ്റ് 13 ട്രെയിന്‍ ഓപ്പറേറ്റിംഗ് കമ്പനികളിലും സജീവമായ റെയില്‍ , മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍ . എം. ടി) യൂണിയനിലെ അംഗങ്ങള്‍ വരുന്ന ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും പണിമുടക്കുന്നത്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലെ സര്‍വ്വീസുകളിലും കാര്യമായ തടസ്സങ്ങള്‍ ഉണ്ടാകും. റെയിൽ സമരം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട് ലൻഡ് എന്നിവിടങ്ങളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. സമരം നിരാശജനകമാണെന്നും അത് അവസാന ശ്രമമായി മാത്രം ഉപയോഗിക്കേണ്ടതാണെന്നും ഗതാഗത വകുപ്പ് തുറന്നടിച്ചു.

സമരത്തിന്റെ പ്രതിസന്ധി കുറച്ച് ദിവസം നീണ്ടു നിന്നേക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം ചർച്ച തീരുന്നതിനു മുൻപേ അത് അവസാനിപ്പിച്ച യൂണിയൻ നിലപാടിനെ നെറ്റ്‌വർക്ക് റെയിൽ അപലപിച്ചു. ഇന്ന് കൂടുതൽ ചർച്ചയ്ക്ക് സാധ്യതയുണ്ട്. വേതനം കൂട്ടി നൽകുക എന്ന തീരുമാനം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് നെറ്റ്‌വർക്ക് റെയിൽ വക്താവ് അറിയിച്ചു. അടുത്തിടെ, അംഗങ്ങൾക്കായി നടത്തിയ ചോദ്യോത്തര പരിപാടിയിൽ പണപ്പെരുപ്പം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആർ എം ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അംഗങ്ങളുടെ വരുമാനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും, ചെലവുകൾ ഉയരുകയാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. സർക്കാർ രാജ്യത്തെ ഗതാഗത സംവിധാനത്തിലേക്ക് തുക നൽകുന്നത് കുറച്ചതിനെ ആർ എം ടി ജനറൽ സെക്രട്ടറി മൈക്ക് ലൈച് കുറ്റപ്പെടുത്തി. ഇതുമൂലം കമ്പനികൾ ജോലിക്കാരുടെ വിഹിതം വെട്ടിക്കുറച്ചെന്നും അവരെ പിരിച്ചുവിടാനുള്ള സാഹചര്യം ഉടലെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശമ്പളം നൽകാൻ കഴിയാത്തതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയിൽവേ പല തസ്തികകളും പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണന്നും ആർ എം ടി പറഞ്ഞു.

പകുതിയോളം റെയിൽ ഗതാഗതം അടച്ച സാഹചര്യത്തിൽ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അടുത്താഴ്ച ട്രെയിൻ യാത്ര നടത്താവു എന്ന് നെറ്റ്‌വർക്ക് റെയിൽ മുന്നറിയിപ്പ് നൽകി. എന്നാൽ, കോവിഡ് സമയത്തുൾപ്പെടെ സർക്കാർ 16 ബില്യൺ പൗണ്ട് റെയിൽവേയിലേക്ക് ചെലവഴിച്ചെന്ന് ഗതാഗത മന്ത്രാലയം വക്താവ് അറിയിച്ചു. സമരം തുടർന്നാൽ ഭാവിയിൽ ജനം റെയിൽവേ യാത്രകളെ ആശ്രയിക്കില്ലെന്നും അദ്ദേഹം താക്കീത് നൽകി. സമരത്തിന് പോകാതെ അവസാന നിമിഷമെങ്കിലും ചർച്ച നടത്താൻ ലേബർ പാർട്ടി നേതാവ് സെർ കെയൻ സ്റ്റാർമർ ആഹ്വാനം ചെയ്തു. എന്നാൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.