വരനായ എം.എൽ.എ. വിവാഹത്തിന് എത്താതെ വഞ്ചിച്ചെന്ന പരാതിയുമായി പ്രതിശ്രുത വധു. ഒഡീഷയിലെ ബി.ജെ.ഡി. എം.എൽ.എയായ ബിജയ് ശങ്കർ ദാസിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ജൂൺ 17-ാം തീയതി സബ് രജിസ്ട്രാർ ഓഫീസിൽവെച്ച് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണെന്നും എന്നാൽ വരനും ബന്ധുക്കളും വിവാഹത്തിന് എത്തിയില്ലെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു.
നിശ്ചയിച്ച ദിവസം യുവതിയും ബന്ധുക്കളും സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്നു. എന്നാൽ മൂന്നുമണിക്കൂറോളം കാത്തിരുന്നിട്ടും വരനായ എം.എൽ.എയോ കുടുംബമോ എത്തിയില്ല. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനും ഉപദ്രവിച്ചതിനുമാണ് എം.എൽ.എക്കെതിരേ പ്രതിശ്രുത വധു പരാതി നൽകിയിരിക്കുന്നത്. എം.എൽ.എയെ അദ്ദേഹത്തിന്റെ അമ്മാവനും ബന്ധുക്കളും തടങ്കലിലാക്കിയിരിക്കുകയാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
പ്രതിശ്രുധ വരനെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മേയ് 17-ാം തീയതിയാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത്.
അതേസമയം, പ്രതിശ്രുത വധുവിന്റെ ആരോപണങ്ങൾ നിഷേധിച്ച് എംഎൽഎ രംഗത്ത് വന്നു. യുവതിയുടെ ആരോപണങ്ങൾ കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 17–ാം തീയതിയാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ട ദിവസമെന്ന് തന്നെ ആരും അറിയിച്ചിരുന്നില്ലെന്നും നിയമപ്രകാരം അപേക്ഷ നൽകി 90 ദിവസത്തിനകം വിവാഹം രജിസ്റ്റർ ചെയ്താൽ മതിയെന്നും ഇനിയും 60 ദിവസം കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply