ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വെസ്റ്റ് യോർക്ക്ഷെയർ : ഒടുവിൽ ജനം വിധിയെഴുതി; ഇനി കൺസർവേറ്റീവ് എംപിമാർ തങ്ങൾക്ക് വേണ്ട. വെയ് ക് ഫീൽഡ്, ടിവേര്‍ടണ്‍ & ഹോണിടൺ ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ വന്‍ പരാജയം ഏറ്റുവാങ്ങി. ടോറി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ വെയ് ക് ഫീൽഡ് പിടിച്ചെടുത്ത ലേബർ പാർട്ടി തങ്ങളുടെ കോട്ടയിലേക്ക് രാജകീയ തിരിച്ചുവരവാണ് നടത്തിയത്. ലേബർ സ്ഥാനാർഥി സൈമൺ ലൈറ്റ്വുഡ് 4,925 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. ഇതോടെ ലേബറിനൊപ്പം നിന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെ തീവ്രശ്രമം ഫലം കണ്ടു. 2019ലെ തോൽവിക്കുള്ള ഒരു മധുരപ്രതികാരം കൂടിയായി ഈ മിന്നും വിജയം. വെയ് ക് ഫീൽഡിലെ വിജയം തന്റെ പാർട്ടിയുടെ മികച്ച വിജയങ്ങളിൽ ഒന്നാണെന്നു നേതാവ് കെയർ സ്റ്റാർമർ പ്രതികരിച്ചു.
അതേസമയം, കണ്‍സര്‍വേറ്റീവുകള്‍ക്ക് മുൻപ് സുരക്ഷിത സീറ്റായിരുന്ന ടിവേര്‍ടണ്‍ & ഹോണിടണില്‍ ലിബറല്‍ ഡെമോക്രാറ്റുകളാണ് വിജയിച്ചത്. 2019 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന റിച്ചാര്‍ഡ് ഫുഡ് ഇത്തവണ 6,000-ത്തിലധികം വോട്ടുകള്‍ക്ക് മണ്ഡലം പിടിച്ചു. പ്രധാനമന്ത്രിക്ക് പുറത്തേക്കുള്ള വാതിൽ ഒരുക്കിയാണ് ലിബറൽ ഡെമോക്രാറ്റുകൾ വിജയം ആഘോഷിച്ചത്. ബോറിസ് ജോൺസണ് സ്വന്തം പാർട്ടിയുടെയും ജനങ്ങളുടെയും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നേതാവ് എഡ് ഡേവി തുറന്നടിച്ചു.
ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൺസർവേറ്റീവ് പാർട്ടി കോ-ചെയർമാൻ ഒലിവർ ഡൗഡൻ രാജിവച്ചു. ലിബറൽ ഡെമോക്രാറ്റുകളും ലേബറും വിജയിച്ചതോടെ കൺസർവേറ്റീവിനും പ്രധാനമന്ത്രിക്കും രാഷ്ട്രീയ രംഗത്ത് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറയുന്നതിന്റെ സൂചന കൂടിയാണിത്.
ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ മികച്ചതല്ലെന്ന് തുറന്നു സമ്മതിച്ചെങ്കിലും രാജി വയ്ക്കാൻ ജോൺസൻ ഒരുക്കമല്ല. ഭാര്യ കാരിയ്ക്കൊപ്പം ആഫ്രിക്ക, യൂറോപ്പ് സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. ജോൺസനെതിരായ വിമതനീക്കങ്ങൾ വരും ദിനങ്ങളിൽ ശക്തിപ്പെട്ടേക്കും. പുതിയ നേതൃത്വത്തിന് കീഴിൽ മാത്രമേ പാർട്ടിയും രാജ്യവും ശക്തിപ്പെടൂ എന്ന് മുൻ കൺസർവേറ്റീവ് നേതാവ് മൈക്കൽ ഹോവാർഡ് പ്രതികരിച്ചു. കഴിഞ്ഞ ആഴ്ചയാണ് സ്വന്തം എംപിമാരുടെ അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും പ്രധാനമന്ത്രി രക്ഷപ്പെട്ടത്.
Leave a Reply