ഉണ്ണികൃഷ്ണൻ ബാലൻ
ലണ്ടൻ : സമീക്ഷ യുകെ കുട്ടികളിൽ ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിന് ഗ്ലോസ്റ്റർഷെയറിൽ ആരംഭിച്ച സ്കൂളിൽ കുട്ടികൾക്ക് ആദ്യ വരവേൽപ്പ് നൽകാനായി ജൂലൈ 2 ന് വൈകുന്നേരം ബാപ്റ്റിസ്റ്റ് ചർച്ച് , മാറ്റ്സർ, ഗ്ലോസ്റ്റർഷെർ GL 4 6LA ൽസംഘടിപ്പിച്ച പ്രവേശനോത്‌സവം പ്രദേശത്ത് ഉത്സവഛായ പകർന്ന് അതീവ ഗംഭീരമായി. അമ്മ മലയാളത്തെ നെഞ്ചോടു ചേർത്തുവെച്ച് നൂറോളം കുട്ടികൾ പ്രവേശനോത്സവത്തിനെത്തിയത് പരിപാടിക്ക് ആവേശം വിതറി . മധുര പലഹാരങ്ങളും ബലൂണുകളും സമ്മാനിച്ചാണ് ആദ്യമായി കുട്ടികളെ സ്വീകരിച്ചത്. “”മധുരം മലയാളം മലയാള ഭാഷ പഠന വേദി ” എന്ന നാമധേയത്തിൽ കേരള സർക്കാരിന്റെ ” എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ആപ്തവാക്യത്തിന്റെ ഭാഗമായി മലയാള മിഷൻ കേരളയുമായി ചേർന്നാണ് സമീക്ഷ ഗ്ലോസ്റ്റർഷെയർ മലയാളം സ്കുളിൽ ഭാഷാപഠന പരീശീലനം കുട്ടികൾക്കു നൽകുന്നത് .
സാംസ്ക്കാരിക- സിനിമാ – സീരിയൽ – മിമിക്രി രംഗത്തെ പ്രമുഖരായ സുരാജ് വെഞ്ഞാറുമൂട്, കോട്ടയം നസീർ , മാളവിക മേനോൻ ,ഉല്ലാസ് പന്തളം, അയ്യപ്പ ബൈജു തുടങ്ങിയവർ ഓൺലൈനായി മംഗളാശംസകൾ നേർന്ന് നേരത്തേ തന്നെപരിപാടിക്ക് പരസ്യ പ്രചാരണം നൽകി . അവതാരികയും സ്വാഗത പ്രാസംഗികയുമായ ശ്രീമതി എലിസബത്ത് മേരി എബ്രഹാമിന്റെ സംഭാഷണചാതുര്യം യോഗ നടപടികൾക്ക് ചടുലതയേകി. ശ്രീമതി. റിനി കുഞ്ഞുമോൻ ആലപിച്ച ഭക്തിസാന്ദ്രമായ പ്രാർത്ഥനാ ഗീതത്തോടെ യോഗം സമാരംഭിച്ചു. സ്കൂൾ അധ്യാപികമാർ ഭദ്രദീപ പ്രകാശനം നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുൻ ആരോഗ്യ മന്ത്രി KK ഷൈല ടീച്ചർ ഓൺലൈനായി നിർവ്വഹിച്ചു.
നൂറുകണക്കിന് കുട്ടികളെയും രക്ഷകർത്താക്കളെയും കൊണ്ട് നിറഞ്ഞ വേദിയിൽ സമീക്ഷ മലയാളം കോർഡിനേറ്റർ ശ്രീ ലോറൻസ് പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു . സ്കൂൾ നടത്തിപ്പിന്റെ വിശദമായ വിവരങ്ങൾ അധ്യക്ഷ പ്രസംഗത്തിൽ ആമുഖമായി പറഞ്ഞു. ഒന്നിടവിട്ട ശനിയാഴ്ചകളിൽ വൈകുന്നേരമാണ് ക്ലാസ്സ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് രക്ഷകർത്താക്കൾ ഫോൺ മുഖേന താനുമായി ബന്ധപ്പെട്ടാൽ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മലയാളം മിഷൻ ഡയറക്ടറും പ്രസിദ്ധ കവിയുമായ ശ്രീമുരുകൻ കാട്ടാക്കാട ഓൺലൈനായി പ്രഭാഷണം നടത്തി. തുടർന്ന് സീറോ മലബാർ ഗ്ലോസ്റ്റർ ഷയർ വികാരി ഫാദർ . ജിബിൻ വാമനറ്റം മലയാളം പഠിച്ച് മലയാളത്തെ മനസ്സിലാക്കാനും അടുത്തറിയാനും കുട്ടികൾക്ക് കഴിയട്ടെ എന്നാശംസിച്ചു . മലയാളിഎവിടെയുണ്ടോ അവിടെയെല്ലാം മലയാളം. കേരള സർക്കാരിൻറെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സമീക്ഷ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീ സുനിൽ ജോർജ്ജ് ( UUKM സൗത്ത് വെസ്റ്റ് )ആശംസാ പ്രസംഗങ്ങൾ നടത്തി . യോഗത്തിൽ സമീക്ഷ ഗ്ലോസ്റ്റർഷെയർ സെക്രട്ടറി ശ്രീ സാം കൊച്ചു പറമ്പിൽ നന്ദി പ്രകാശിപ്പിച്ചു . പിന്നീട് പരിശീലനം സിദ്ധിച്ച അധ്യാപകരായ റെമി മനോജ്, റെനി തോമസ്, ഉഷാസ് സുകുമാരൻ, നിനു ജെഡ്സൺ എന്നിവർ കുരുന്നുകൾക്ക് ക്ലാസ്സ് എടുത്തു. ആരംഭത്തിൽ തന്നെ പഠന വേദിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഫലം കണ്ടു തുടങ്ങിയെന്ന ആത്മ സംതൃപ്തിയോടെയാണ് രക്ഷകർത്താക്കൾ മടങ്ങിയത്.
സ്കൂൾ തുടങ്ങുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ബേസിൽ ജോണിൽ നിന്നും രാജി ഷാജിയിൽ നിന്നും യഥാക്രമം ലഭിച്ചതുകൊണ്ട് സംഘാടകർക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നിറവേറ്റുവാൻ സാധിച്ചു. തുടർന്നും ഇവരുടെ സഹകരണം ഉണ്ടാകുമെന്ന് ഇരുവരും വാഗ്ദാനം ചെയ്തിട്ടുണ്ട്.
.
Leave a Reply