കഴിഞ്ഞ കുറച്ചു നാളുകളായി തുടർച്ചയായി യുകെയില്‍ ജീവിതം തേടിയെത്തുന്ന മലയാളികളിൽ അകാരണമായി ജീവൻ നഷ്ടമാകുന്ന വാർത്തകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. ഒടുവിലായി വീണ്ടും ഒരു പേരുകൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്. മാസങ്ങള്‍ മുന്‍പ് മാത്രം ജീവിതം തേടി ഈ നാട്ടിലെത്തിയ കല്ലറ സ്വദേശിയയായ 35 കാരനായ ജസ്റ്റിന് ജോയ് ആണ് ഹൃദയാഘാതത്തിനു കീഴടങ്ങിയത്.
യുകെയിൽ ആകസ്മിക മരണത്തിനു കീഴടങ്ങുന്ന മലയാളി ചെറുപ്പക്കാരുടെ എണ്ണം മാസത്തില്‍ ഒന്ന് എന്ന നിലയിൽ തുടരുകയാണ്. രാജ്യത്തിൻറെ പലഭാഗങ്ങളിലും തുടർച്ചയായി ചെറുപ്പക്കാരുടെ മരണവാർത്തകൾ കേൾക്കേണ്ടി വന്ന യുകെ മലയാളികള്‍ക്ക് ഒടുവിലായി എത്തുന്ന വാര്‍ത്തയായി സെന്റ് ആല്‍ബന്‍സില്‍ നിന്നും ജസ്റ്റിന്റെ ആകസ്മിക മരണം.
ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയിരുന്ന ജസ്റ്റിന് കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ എത്തുന്നത്. പൂളിലെ ഡോക്കില്‍ നഴ്സായി ജോലി നോക്കുകയായിരുന്നു. കല്ലറ പുതുപ്പറമ്പില്‍ ജോയിയുടെ മകന് ആണ് ജസ്റ്റിന്. ഭാര്യ അനു കട്ടച്ചിറ നെടുംതൊട്ടിയില്‍ കുടുംബാംഗമാണ്. ഒരു മകനുള്ളത് അഡ്വിക്. മാതാവ് മോളി ജോയി കല്ലറ ചൂരുവേലില്‍ കുടിലില്‍ കുടുംബാംഗമാണ്. ജയിസ് ജോയി , ജിമ്മി ജോയി എന്നിവര്‍ സഹോദരങ്ങള്‍ ആണ് .
യുകെയില്‍ ഉള്ളതിനേക്കാള്‍ പരിചയക്കാരും സുഹൃത്തുക്കളും ജസ്റ്റിന് ഡല്‍ഹിയില്‍ ആണുള്ളത്. ജസ്റ്റിന്റെ മരണം ഡല്‍ഹി മലയാളികളെ കൂടുതല്‍ വേദനയിലാക്കി. ജസ്റ്റിന് മരിച്ചതറിഞ്ഞു ലണ്ടന്‍ സെന്റ് ആല്‍ബന്‍സിനും പരിസരത്തുമുള്ള മലയാളി കുടുംബങ്ങള്‍ ആശ്വാസവും സഹായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോള്‍ ജസ്റ്റിന് മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തിയെന്നാണ് പ്രാഥമികമായ വിവരം.
കല്ലറ സെന്റ് തോമസ് പള്ളി ഇടവക അംഗമായ ഇദ്ദേഹം പുതുപ്പറമ്പില്‍ കുടുംബാംഗമാണ്. സംസ്ക്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Leave a Reply