ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിലും ഇന്ത്യൻ വംശജനായ റിഷി സുനക് മുന്നിലെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കും , അതോടൊപ്പം തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്കുമുള്ള യാത്രയിൽ അദ്ദേഹം മുന്നിട്ട് നിൽക്കുന്നത്. സുനകിനു തൊട്ടു പുറകിൽ 83 വോട്ടുകൾ നേടി പെന്നി മോർഡോണ്ടാണ് നിലകൊള്ളുന്നത്. 27 വോട്ടുകൾ മാത്രം നേടി അറ്റോർണി ജനറൽ സുവെല്ല ബ്രാവർമാൻ പുറത്തായതോടെ ഇപ്പോൾ 5 പേർ മാത്രമാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. എം പി യായ ടോം ടുഗൻദട്ട് 32 വോട്ടും കെമി ബഡേനോച്ച് 49 വോട്ടുകളും നേടി അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. മറ്റൊരു പ്രമുഖ സ്ഥാനാർത്ഥിയായ വിദേശകാര്യ സെക്രട്ടറി ലിസ് ട്രെസ്സിന് 64 വോട്ടുകൾ ലഭിച്ചു. കൺസർവേറ്റീവ് പാർട്ടിയിലെ എംപിമാരിൽ നിന്നും വ്യക്തമായ പിന്തുണയാണ് ആദ്യ റൗണ്ടിൽ റിഷി സുനകിനു ലഭിച്ചത്. റിഷി സുനക് നേരത്തെ ധനമന്ത്രി സ്ഥാനത്തുനിന്ന് രാജി വെച്ചിരുന്നു. തുടർന്ന് മറ്റു നിരവധി മന്ത്രിമാരും രാജിവച്ചതോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ താഴെയിറങ്ങേണ്ടതായി വന്നത്.
പല ഘട്ടങ്ങളിലായി എംപിമാർക്കിടയിൽ നടക്കുന്ന വോട്ടെടുപ്പിന് ശേഷം അവസാനം രണ്ട് പേർ മാത്രം അവശേഷിക്കും. ഓരോ ഘട്ടത്തിലും ഏറ്റവും കുറവ് വോട്ട് നേടുന്നവർ പുറത്താകുകയാണ് പതിവ്. ജൂലൈ 21 ഓടുകൂടി സുധീർഘമായ ഈ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടുപേരിൽ ആരാകും പ്രധാനമന്ത്രിയെന്നത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. മുൻ ബ്രിട്ടീഷ് ചാൻസലറും ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപകനായ നാരായണമൂർത്തിയുടെ മരുമകനുമായ റിഷി സുനക് അവസാന ഘട്ടം വരെ ഉണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സംസ്കാരിക മന്ത്രിയായിരുന്ന നദിൻ ഡോറിസ് സുനകിനെതിരെ രംഗത്തെത്തിയിരുന്നു. തികച്ചും മോശമായ തന്ത്രങ്ങളാണ് സുനക് പ്രയോഗിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകസമൂഹം.
Leave a Reply