ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം കടുക്കുന്നു എന്നതിന്റെ സൂചനയായിരുന്നു ഇന്നലെ അഞ്ചു സ്ഥാനാര്‍ത്ഥികളും പങ്കെടുത്ത ടിവി ഡിബേറ്റ് ഒരുക്കിയ ലീഡേഴ്സ് ഡിബേറ്റിൽ നേതാക്കൾ പരസ്പരം കൊമ്പുകോർത്തു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മുൻ ചാൻസലർ ഋഷി സുനകിന്റെ നയങ്ങളെ ശക്തമായി വിമർശിച്ചു. സുനക്, 70 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് നികുതി ഉയർത്തിയെന്നും ഇത് സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്നും കുറ്റപ്പെടുത്തി. അതേസമയം, പകർച്ചവ്യാധി സമ്പദ്വ്യവസ്ഥയെ തകർത്തുവെന്ന് സുനക് വ്യക്തമാക്കി. ഇത് വെറും സാമ്പത്തിക ശാസ്ത്രമല്ല എന്ന് അദ്ദേഹം തിരിച്ചടിച്ചു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എങ്ങനെ നിയന്ത്രണത്തിലാക്കാം എന്നതായിരുന്നു തർക്കവിഷയം.

അതേസമയം, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് പുതിയ കാബിനറ്റിൽ സ്ഥാനം നൽകുമെങ്കിൽ കൈ ഉയർത്താൻ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന ആൾ മത്സരത്തിൽ നിന്നും പുറത്താകും. ജൂലൈ 21ന് മുൻപ് മത്സരം രണ്ട് പേരിലേക്ക് ചുരുങ്ങും. ജെന്‍ഡര്‍ സെല്‍ഫ് ഐഡന്റിഫിക്കേഷൻ സംബന്ധിച്ച് പെന്നി മോർഡൗണ്ടും കെമി ബാഡെനോക്കും തമ്മിൽ വാക്കുതർക്കമുണ്ടായി. ജെന്‍ഡര്‍ സെല്‍ഫ് ഐഡന്റിഫിക്കേഷനെ താന്‍ പിന്തുണക്കുന്നില്ല എന്ന നിലപാടിൽ പെന്നി ഉറച്ചുനിന്നു.

സുനക് തന്റെ ഭാര്യ അക്ഷതയുടെ നികുതി നിലയെയും കുടുംബ സമ്പത്തിനെയും ന്യായീകരിച്ചു. ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അടുത്ത് ഇരിക്കുമോ എന്ന ചോദ്യത്തിന്, ലിസ് ട്രസ് ഒഴികെയുള്ളവർ മറുപടി നൽകിയില്ല. ഒപ്പം, 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനുള്ള യുകെയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് എല്ലാ സ്ഥാനാർത്ഥികളും പറഞ്ഞു.











Leave a Reply