ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കൺസർവേറ്റീവ് പാർട്ടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനായി നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ ഋഷി സുനക് അവസാന റൗണ്ടിലെത്തി. എംപിമാർക്കിടയിൽ നടന്ന 5 -ാം റൗണ്ട് വോട്ടെടുപ്പിൽ ഋഷി സുനക് ആണ് ഏറ്റവും മുന്നിൽ. മുൻ ചാൻസിലർ കൂടിയായ ഋഷി സുനകിന് 137 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 വോട്ടുകളാണ് ലഭിച്ചത് . 105 വോട്ടുകൾ മാത്രം ലഭിച്ച പെനി മോർഡന്റ് മത്സരത്തിൽ നിന്ന് പുറത്തായി.

പ്രധാനമന്ത്രിപദത്തിനായി മത്സരിച്ചവരിൽ നിന്ന് എംപിമാർക്കിടയിൽ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തിയാണ് രണ്ടുപേരിലേയ്ക്ക് സ്ഥാനാർത്ഥി പട്ടിക ചുരുങ്ങിയത്. എം. പിമാർക്കിടയിലെ അവസാന റൗണ്ട് വോട്ടെടുപ്പും പൂർത്തിയായി കഴിഞ്ഞു. അവസാനഘട്ടത്തിൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ടെടുപ്പ് നടത്തിയാണ് ബ്രിട്ടന്റെ 56 -മത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്.

ബോറിസ് ജോൺസന്റെ പിൻഗാമിയായി ഋഷി സുനക് ജയിച്ചാൽ ആദ്യത്തെ ബ്രിട്ടീഷ് ഏഷ്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിസ് ട്രസ് ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും അവർ. മാർഗരറ്റ് താച്ചറും തെരേസാമേയും ആയിരുന്നു നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്ന വനിതകൾ .