ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബിബിസി റേഡിയോ 4 പരിപാടിയായ ഡെസർട്ട് ഐലൻഡ് ഡിസ് കസിൽ, തന്റെ കരിയറിന്റെ തുടക്കത്തിൽ ഫാഷൻ ഇൻഡസ്ട്രിയിൽ നിന്നും താൻ നേരിട്ട ദുരനുഭവങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രശസ്ത മോഡൽ കെയ്റ്റ് മോസ്. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഒരു ഫോട്ടോ ഷൂട്ടിനിടെ തെറ്റായ രീതിയിൽ തന്റെ ക്യാമറമാൻ തന്നോട് നഗ്നയാകാൻ ആവശ്യപ്പെട്ടതായും, പിന്നീട് താൻ അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മോസ് നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തമാക്കുന്നു. ഇതോടെയാണ് ഫാഷൻ ഇൻഡസ്ട്രിയൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് താൻ കൂടുതൽ ബോധവതി ആയത്. ഇപ്പോൾ പതിയിരിക്കുന്ന അപകടങ്ങൾ തനിക്ക് മുൻകൂട്ടി കാണാൻ സാധിക്കുന്നതും ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു പോയതുകൊണ്ടാണെന്നും അവർ പറഞ്ഞു.

1988ൽ പതിനാലാം വയസ്സു മുതൽ മോഡലിംഗ് ആരംഭിച്ച മോസ്, തുടക്കത്തിൽ സ്റ്റോം മോഡലിംഗ് ഏജൻസിയുമായി കരാറിൽ ആയിരുന്നു. ലണ്ടനിലുടനീളം സഹായത്തിന് ആരുമില്ലാതെ തനിയെയാണ് കരിയറിന്റെ തുടക്കത്തിൽ താൻ യാത്ര ചെയ്തിരുന്നതെന്ന് അവർ പറഞ്ഞു. 1992 ൽ കാൽവിൻ ക്ലൈനുവേണ്ടി മാർക്ക്‌ വാൽബെർഗിനോടൊപ്പം അഭിനയിച്ച പരസ്യമാണ് ലോകമെമ്പാടും മോസിനെ പ്രസിദ്ധയാക്കിയത്. എന്നാൽ ആ പരസ്യ ഷൂട്ടിംഗ് തനിക്ക് വേദനാജനകമായ അനുഭവങ്ങളാണ് ഓർമ്മയിലേക്ക് കൊണ്ടുവരുന്നതെന്ന് അവർ പറഞ്ഞു. പലപ്പോഴും തൻെറ ശരീരത്തെ ഒരു വസ്തുവെന്ന രീതിയിലാണ് ആളുകൾ സമീപിച്ചിരുന്നതെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ഈ വർഷം തുടക്കത്തിൽ ജോണി ഡെപ്പിന് എതിരെയുള്ള കേസിൽ, മോസ് അദ്ദേഹത്തിന് അനുകൂലമായി മൊഴിനൽകിയിരുന്നത് ശ്രദ്ധേയമായിരുന്നു. ഡെപ്പിന്റെ മുൻ കാമുകിയായിരുന്ന മോസ് അത്തരത്തിൽ ഒരു മൊഴി നൽകിയത് മാധ്യമങ്ങളുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. ഇതോടൊപ്പം തന്നെ 2011 ൽ ഫാഷൻ ഡിസൈനറായ ജോൺ ഗല്ലിയാനോക്കെതിരെ ഉയർന്ന കേസിലും അദ്ദേഹത്തെ അനുകൂലിച്ച് മോസ് രംഗത്തെത്തിയിരുന്നു. തന്റെ സുഹൃത്തുക്കളോട് താൻ എപ്പോഴും സത്യസന്ധത പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് മോസ് വെളിപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മോഡലുകളിൽ ഒരാളായ മോസ്, തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തിയത് ഫാഷൻ ഇൻഡസ്ട്രിയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ ഒന്നാണ്.