ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബിബിസിയുടെ പ്രത്യേക സംവാദത്തിൽ പരസ്പരം എതിർത്തും വിമർശനങ്ങൾ ഉന്നയിച്ചും സ്ഥാനാർത്ഥികൾ. യുകെ സമ്പദ്വ്യവസ്ഥയുടെ ഭാവിയെ ചൊല്ലിയായിരുന്നു ഋഷി സുനകും ലിസ് ട്രസും ഏറ്റുമുട്ടിയത്. നികുതി വെട്ടിക്കുറയ്ക്കാനുള്ള ലിസ് ട്രസിന്റെ പദ്ധതി ദശലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലേക്ക് നയിക്കുമെന്നും കൺസർവേറ്റീവുകൾക്ക് അടുത്ത തെരഞ്ഞെടുപ്പിൽ നഷ്ടമുണ്ടാക്കുമെന്നും സുനക് പറഞ്ഞു. സുനകിന്റെ നികുതി വർധന രാജ്യത്തെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ട്രസ് കുറ്റപ്പെടുത്തി. മൂന്നാഴ്ച മുമ്പ് വരെ ഒരേ ക്യാബിനറ്റിൽ ഉണ്ടായിരുന്ന വിദേശകാര്യ സെക്രട്ടറിയും മുൻ ചാൻസലറും പരസ്പരം പോരടിക്കുന്നത് വിചിത്രകാഴ്ചയായി.

നാഷണൽ ഇൻഷുറൻസ് വർധന നിർത്തലാക്കാനാണ് ലിസ് ട്രസ് ആഗ്രഹിക്കുന്നത്. തന്റെ പദ്ധതികൾക്ക് കീഴിൽ ബ്രിട്ടൻ മൂന്ന് വർഷത്തിനുള്ളിൽ കടം വീട്ടാൻ തുടങ്ങുമെന്ന് അവർ ഉറപ്പ് നൽകി. എന്നാൽ ട്രസിന്റെ പദ്ധതികൾ ഉയർന്ന പലിശനിരക്കിലേക്ക് നയിക്കുമെന്ന് സുനക് കുറ്റപ്പെടുത്തി. പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതുവരെ നികുതി കുറയ്ക്കില്ലെന്നാണ് സുനകിന്റെ വാദം.

അതേസമയം, സംവാദത്തിനൊടുവിൽ ഇരുവരും സന്തോഷത്തോടെയാണ് പിരിഞ്ഞത്. താൻ പ്രധാനമന്ത്രിയായാൽ സുനകിനെ ക്യാബിനറ്റിൽ ഉൾപ്പെടുത്തുമെന്ന് ട്രസ് പറഞ്ഞു. റഷ്യയോടുള്ള ട്രസിന്റെ നിലപാടിനെ മുൻ ചാൻസലർ പ്രശംസിച്ചു. അധികാരമേറ്റ ആദ്യ ദിവസം തന്നെ ബ്രിട്ടനിലുള്ള ചൈനയുടെ കൈകടത്തലുകൾ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം സുനക് വ്യക്തമാക്കിയിരുന്നു.
	
		

      
      



              
              
              




            
Leave a Reply