ഷെറിൻ പി യോഹന്നാൻ
ഒരു മലയോരഗ്രാമത്തിൽ ഇലക്ട്രോണിക്സ് ജോലികളുമായി ജീവിക്കുകയാണ് അനിക്കുട്ടൻ. നിർബന്ധ ബുദ്ധിയുള്ള, പ്രത്യേക സ്വഭാവക്കാരനായ അനി പുലർച്ചെ മൂന്നരയ്ക്ക് എണീറ്റാണ് ജോലി ചെയ്യുന്നത്. തന്റെ ജോലിക്ക് തടസ്സമാകുന്നവരോട് അയാൾ ദേഷ്യപ്പെടുന്നുണ്ട്. അസ്വസ്ഥമായ മനസ്സുമായി ജീവിക്കുന്ന, കടുത്ത ജാതീയത വച്ചു പുലർത്തുന്ന കഥാപാത്രത്തെ വ്യക്തമായി സ്ക്രീനിൽ എത്തിക്കുന്നുണ്ട് തിരക്കഥാകൃത്ത് മഹേഷ് നാരായണൻ.
റിലീസിന് മുൻപ്, ഒരു സർവൈവൽ ത്രില്ലർ എന്ന നിലയിലാണ് ‘മലയൻകുഞ്ഞ്’ സ്വീകാര്യത നേടിയത്. ഫഹദ്, എ ആർ റഹ്മാൻ, മഹേഷ് നാരായണൻ തുടങ്ങിയവർ ഒന്നിക്കുമ്പോൾ ഒരു നല്ല സിനിമയിൽ കുറഞ്ഞൊന്നും പ്രേക്ഷകൻ പ്രതീക്ഷിക്കില്ല. ആദ്യ പകുതിയിൽ അനിയുടെ ജീവിതം വളരെ വിശദമായി പകർത്തുന്നതിനൊപ്പം അയാളുടെ മാറ്റങ്ങൾക്ക് കാരണമായ ഭൂതകാല സംഭവങ്ങളെയും പരാമർശിക്കുന്നുണ്ട്. ഫ്ലാഷ്ബാക്ക് സീനിൽ മാത്രമാണ് ചിരിക്കുന്ന അനിയെ നാം കാണുന്നത്. ആ ചിരി മായാനുള്ള കാരണം സിനിമ പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുകൂടി ചിന്തിക്കാൻ പ്രേക്ഷകൻ തയ്യാറാകുന്നു.
അപ്രതീക്ഷിതമായ ദുരന്തത്തിൽ പെട്ടുപോകുന്ന അനിയുടെ കഥയാണ് രണ്ടാം പകുതിയിൽ. പ്രളയകാലത്തെ ഉരുൾപൊട്ടലാണ് സിനിമയുടെ പ്രധാന പ്ലോട്ട്. ആ ദുരന്തത്തിൽ അകപ്പെട്ടു പോകുന്ന അനി രക്ഷപെടാൻ പരിശ്രമിക്കുന്നുണ്ട്. അത് തിരിച്ചറിവിലേക്കുള്ള കരകയറ്റം കൂടിയാണ്. ഇവിടെയാണ് ‘മലയൻകുഞ്ഞ്’ ഒരു സർവൈവൽ ത്രില്ലർ എന്നതിലുപരി നല്ലൊരു ഡ്രാമയാകുന്നത്.
ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനവും എ. ആർ റഹ്മാന്റെ പശ്ചാത്തലസംഗീതവുമാണ് രണ്ടാം പകുതിയെ താങ്ങിനിർത്തുന്നത്. സംവിധായകന്റെ ക്രാഫ്റ്റോ തിരക്കഥയുടെ മേന്മയോ രണ്ടാം ഭാഗത്തു കാണാൻ കഴിയില്ല. എന്നാൽ ഫഹദിന്റെ ഭാവപ്രകടനങ്ങളിലൂടെയും മികച്ച ബിജിഎമ്മിലൂടെയും പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നുണ്ട്. ജാഫർ ഇടുക്കിയുടെ പ്രകടനവും നന്നായിരുന്നു. കാഴ്ചകാരനുമായി ഒരു വൈകാരിക ബന്ധം സൃഷ്ടിക്കാൻ ക്ലൈമാക്സിനാവുന്നു.
മഴയുടെ ഭീകരതയും കഥാപരിസരവും കൃത്യമായി സ്ക്രീനിൽ എത്തിക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതിയിലെ രംഗങ്ങളെല്ലാം എത്രമാത്രം ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചതെന്ന് സിനിമ കണ്ടാൽ ബോധ്യമാകും. സജിമോൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കാണാനാകില്ലെങ്കിലും കഥ പറച്ചിലിലും ഈയൊരു വിഷയം കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹം നീതി പുലർത്തിയിട്ടുണ്ട്.
തന്റെ ജീവിതാനുഭവങ്ങൾ കാരണം ഒതുങ്ങി, ഒറ്റപ്പെട്ട്, കടുത്ത ജാതീയതയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ. പ്രകൃതി അയാളെ കൊണ്ടെത്തിക്കുന്നത് തിരിച്ചറിവുകളുടെ മലവെള്ളപാച്ചിലിലേക്കാണ്. ‘മലയൻകുഞ്ഞ്’ മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആവുന്നതും അവിടെയാണ്.
Bottom Line – കഥാപാത്ര സൃഷ്ടിയിലും ആഖ്യാനത്തിലും മികച്ചു നിൽക്കുന്ന ചിത്രം സർവൈവൽ ത്രില്ലർ എന്നതിലുപരി നല്ലൊരു ഡ്രാമയായാണ് എനിക്ക് അനുഭവപ്പെട്ടത്. അനിയുടെ താഴ്ചയും ഉയർച്ചയും അടയാളപ്പെടുത്തുന്നതിനൊപ്പം കൃത്യമായ രാഷ്ട്രീയവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.
Leave a Reply