സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്തെത്തിയ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിദ്യാഭ്യാസ മന്ത്രി കെ ശിവന്‍കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്.

ഒരാഴ്ച മുമ്പേ അനുമതി തേടിയാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. എന്നാല്‍ കേന്ദ്രമന്ത്രി കൂടിക്കാഴ്ചക്ക് തയ്യാറായില്ല. വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോള്‍ റെയില്‍വേ മന്ത്രി ലൈനിലില്ലെന്നാണ് മറുപടി ലഭിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുമെന്ന് മൂന്ന് മന്ത്രിമാരും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടക്കാത്തതിരുന്നതിനെ തുടര്‍ന്ന് സഹമന്ത്രി ദര്‍ശന ജര്‍ദോഷുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. നേമം ടെര്‍മിനല്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം എന്നിവയെക്കുറിച്ച് റെയില്‍വേ സഹമന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

നേമം പദ്ധതി ഉപേക്ഷിച്ചാല്‍ ഭൂമി വിട്ടുനല്‍കിയവരുള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷിന് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു.