എയ്‌ൽസ്‌ഫോർഡ്: കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്‌ൽസ്‌ഫോഡിൽ കഴിഞ്ഞ മാസം ആരംഭം കുറിച്ച ആദ്യബുധനാഴ്ച ശുശ്രൂഷയ്ക്ക് അനുഗ്രഹം തേടിയെത്തിയത് നിരവധി പേർ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6 ന് തുടക്കം കുറിച്ച് എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്‌ൽസ്‌ഫോർഡിലെ ഔർ ലേഡി ഓഫ് മൌണ്ട് കാർമ്മൽ സീറോ മലബാർ മിഷൻ ആണ് നേതൃത്വം നൽകുന്നത്.

ഈ മാസത്തെ ആദ്യബുധനാഴ്ച ശുശ്രൂഷ ഓഗസ്റ്റ് 3 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കും. എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടക്കുന്ന സൗഖ്യ ജപമാല ശുശ്രൂഷയോടുകൂടി തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് ചാപ്പലിൽ വിശുദ്ധകുർബാനയും തുടർന്ന് കർമ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക് പരിശുദ്ധകുർബാനയുടെ ആശീർവാദത്തോടുകൂടി ശുശ്രൂഷകൾക്ക് സമാപനമാകും.

ഏലിയാ പ്രവാചകൻ തപസ്സനുഷ്ഠിക്കുകയും ബാലിൻറെ പ്രവാചകരെ തോൽപിച്ച് ഇസ്രായേലിൽ സത്യദൈവവിശ്വാസം തിരികെക്കൊണ്ടുവരികയും ചെയ്ത സ്ഥലമാണ് കാർമ്മൽ മല. ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ ക്രൈസ്തവ സന്യാസികൾ ഏകാന്തതയിൽ പ്രാർത്ഥനാജീവിതം നയിക്കാനായി കാർമ്മൽ മലയിൽ എത്തിയിരുന്നു. ഇന്നത്തെ ഇസ്രായേലിൽ ഹൈഫ പട്ടണത്തിനു സമീപമായി മെഡിറ്ററേനിയൻ കടലിനു അഭിമുഖമായി സ്ഥിതിചെയ്യുന്ന കാർമ്മൽ മല ഇന്നും കർമ്മലീത്താ സന്യാസിമാരുടെ ഒരു പ്രധാന ആത്മീയ കേന്ദ്രമാണ്.

1251 ൽ എയ്‌ൽസ്‌ഫോർഡിലെ സൈമൺ സ്റ്റോക്ക് കർമ്മലീത്ത സന്യാസിക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും ഉത്തരീയം (വെന്തിങ്ങ) നൽകുകയും ചെയ്തു. വെന്തിങ്ങ പതിവായി ധരിക്കുകയും മാതാവിൻറെ സംരക്ഷണം തേടുകയും ചെയ്യുന്നവർ ഒരിക്കലും നിത്യനാശമടയുകയില്ല എന്നത് നൂറ്റാണ്ടുകളായുള്ള നമ്മുടെ വിശ്വാസമാണ്. അതുപോലെ തന്നെ മരണത്തിനു ശേഷമുള്ള ആദ്യത്തെ ശനിയാഴ്ച മാതാവിൻറെ പ്രത്യേക മധ്യസ്ഥത്തിലൂടെ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ മോചിക്കപ്പെടും എന്ന വിശാസവും കർമ്മലമാതാവിനോടുള്ള ഭക്തിയുമായി ബന്ധപ്പെട്ടു സഭയിൽ നിലനിന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉത്തരീയം (വെന്തിങ്ങ) കർമ്മലമാതാവിൻറെ സംരക്ഷണത്തിൻറെ അടയാളമാണ്. അമ്മയുടെ സവിശേഷമാം വിധം തെരഞ്ഞെടുക്കപ്പെട്ട മക്കളുടെ സമൂഹത്തിൽ നാമും അംഗങ്ങളാണെന്നതിൻറെ അടയാളവുമാണത്. അതോടൊപ്പം തന്നെ ഉത്തരീയം ഒരു പ്രതിജ്ഞയുമാണ്. അമ്മ ആഗ്രഹിക്കുന്നതുപോലെ ജീവിച്ചുകൊള്ളാം എന്നും നമ്മെത്തന്നെ അമ്മയ്ക്ക് എന്നേയ്ക്കുമായി പ്രതിഷ്ഠിച്ചുകൊള്ളാം എന്നുമുള്ള പ്രതിജ്ഞയുടെ അടയാളം. ഉത്തരീയം ധരിക്കുന്നവരിൽ നിന്ന് മാതാവ് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും അമ്മയുടെ ജീവിതത്തിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ അനുകരിച്ചുകൊണ്ടുള്ള ഒരു വിശുദ്ധജീവിതമാണ്. എളിമയും ശുദ്ധതയും നിരന്തര പ്രാർത്ഥനയും ആണ് അമ്മയിൽ നിന്നു നാം പഠിക്കേണ്ട പാഠങ്ങൾ. 1917 ൽ ഫാത്തിമയിലും അതിനും അര നൂറ്റാണ്ടിനുശേഷം ഗരബന്ദാളിലും പ്രത്യക്ഷപ്പെട്ടപ്പോൾ അമ്മ തന്നെത്തന്നെ കർമ്മലമാതാവെന്നു പരിചയപ്പെടുത്തിയിരുന്നു.

അനേകം വിശുദ്ധർ കർമ്മലമാതാവിൻറെ ഭക്തരായിരുന്നു. അവരിൽ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെയും വിശുദ്ധ ഡോൺ ബോസ്‌കോയുടെയും പേരുകൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഈ വിശുദ്ധരുടെ മരണത്തിന് അനേക വർഷങ്ങൾക്കുശേഷം അവരുടെ കല്ലറകൾ തുറന്നുനോക്കിയപ്പോൾ അവർ അണിഞ്ഞിരുന്ന വെന്തിങ്ങകൾക്കു യാതൊരു കേടുപാടുകളും ഇല്ലായിരുന്നു. ദുരന്തങ്ങളുടെ മുൻപിൽ പകച്ചുനിൽക്കുന്ന ഈ ലോകത്തിനു വേണ്ടി പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ ആശ്രയം അർപ്പിച്ചുകൊണ്ട് നമുക്കു പ്രാർത്ഥിക്കാം.