ബിനോയ് എം. ജെ.
ആദ്ധ്യാത്മികതയെയും ലൗകികതയെയും എങ്ങനെ തിരിച്ചറിയാം? അവ തമ്മിലുള്ള വ്യത്യാസം എന്താണ്? എല്ലാവരും ലോകത്തിന് പിറകെ ഓടുന്നു. അതുകൊണ്ട് അവർക്ക് എന്തെങ്കിലും നേട്ടമുണ്ടോ? ഇനി ലോകത്തിന് പിറകെ ഓടാതിരുന്നാൽ എന്തെങ്കിലും നേട്ടമുണ്ടോ? ലോകം മുഴുവൻ ഭൗതികതയെ കുറിച്ച് ചർച്ച ചെയ്യുന്നു. ഭൗതികതയിൽ നിന്നും ലൗകികത ജന്മം കൊള്ളുന്നു. മതങ്ങൾ ആദ്ധ്യാത്മികത ചർച്ച ചെയ്യുന്നു. എന്നാൽ ഇത് വെറും ചർച്ചയിലും സംസാരത്തിലും ഭംഗിവാക്കുകളിലും ഒതുങ്ങുന്നു. ലോകത്തിന് ആദ്ധ്യാത്മികത കൈമോശം വന്നു പോയിരിക്കുന്നു.
നിങ്ങൾക്ക് സന്തോഷിക്കുവാൻ ബാഹ്യമായ കാരണങ്ങളുടെ ആവശ്യമുണ്ടെങ്കിൽ നിങ്ങൾ ബാഹ്യലോകത്ത് ജീവിക്കുന്ന വ്യക്തിയാണ്. നിങ്ങൾക്ക് സന്തോഷം കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. കാരണം ബാഹ്യലോകം നിങ്ങളുടെ പിടിയിലല്ല; ആവുകയും ഇല്ല. അതൊരുതരം ചൂതാട്ടം മാത്രം. ചിലപ്പോൾ നിങ്ങൾ നേടുന്നു; മറ്റു ചിലപ്പോൾ നഷ്ടപ്പെടുത്തുന്നു. നേടുമ്പോൾ നിങ്ങൾ അത്യധികം സന്തോഷിക്കുന്നു. നഷ്ടപ്പെടുമ്പോൾ കുത്തിയിരുന്നു കരയുകയും ചെയ്യുന്നു. ഇത് അർത്ഥവ്യത്തായ ഒരു ജീവിത വീക്ഷണമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇതിനെ ലൗകികത എന്ന് വിളിക്കുന്നു.
എന്നാൽ ഇനി അൽപം മന:ശ്ശാസ്ത്രപരമായി ചിന്തിക്കാം. നിങ്ങൾ ഒരഭിമാനിയാണെന്ന് കരുതുക. നിങ്ങൾ പലതിലും- സമ്പത്തിലും, സ്ഥാനമാനങ്ങളിലും,പേരിലും പ്രശക്തിയിലും, എന്നുവേണ്ട നിരവധി കാര്യങ്ങളിൽ- അഭിമാനിക്കുന്നു. ലോകം അത്തരക്കാരെകൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങളെക്കാൾ സത്പേരും സമ്പത്തും ഉള്ള ഒരാളെ (നിങ്ങളെക്കാൾ ശ്രേഷ്ഠനായ ഒരാളെ)കാണുമ്പോൾ നിങ്ങൾക്ക് അപകർഷതയും ദു:ഖവും തോന്നുന്നു. മറിച്ച് നിങ്ങളേക്കാൾ താണ ഒരാളെ കാണുമ്പോൾ നിങ്ങൾക്ക് ഉത്കർഷതയും സന്തോഷവും തോന്നുന്നു. അതായത് നിങ്ങളുടെ സുഖവും ദു:ഖവും ബാഹ്യലോകത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ അത്യന്തം വിനയമുള്ള ഒരാളാണെന്ന് സങ്കൽപിക്കുക. നിങ്ങൾ എല്ലാവരെയും നിങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതുന്നു. ധനവാനും ഭിക്ഷക്കാരനും നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരുപോലെ ശ്രേഷ്ഠരാണ്. നിങ്ങൾ ആളുകളെ തരം തിരിക്കുന്നില്ല. നിങ്ങൾക്ക് അതിന്റെ ആവശ്യവുമില്ല. എല്ലാവരും നിങ്ങളെക്കാൾ ശ്രേഷ്ഠരാണ്. അങ്ങിനെയെങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ ദു:ഖം അനുഭവപ്പെടുമോ? എല്ലാ സാഹചര്യത്തിലും നിങ്ങൾ അത്യധികം സന്തോഷിക്കുന്നു. സന്തോഷം നിങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുന്നു. നോക്കൂ..മനോഭാവം പറ്റിക്കുന്ന പണി!
ഇപ്രകാരം ശാശ്വതമായ സന്തോഷം പകർന്നു തരുന്ന മനോഭാവങ്ങളെകുറിച്ച് ആദ്ധ്യാത്മിക മണ്ഠലത്തിൽ ചൂടേറിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. അവയിൽ ചിലതൊക്കെ കാലഹരണപ്പെട്ടതുപോലെ ഇരിക്കുന്നു. അതേസമയം പുതിയ പുതിയ ആശയങ്ങൾ രംഗപ്രവേശം ചെയ്തുകൊണ്ടുമിരിക്കുന്നു. മന:ശ്ശാസ്ത്രത്തിനാണ് ആധുനിക ആദ്ധ്യാത്മികതയിൽ പ്രസക്തി കൂടുതൽ ഉള്ളതായി കാണപ്പെടുന്നത്. പ്രാചീന കാലങ്ങളിൽ ധർമ്മശാസ്ത്രത്തിനായിരുന്നു പ്രസക്തി. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്കാണ് ആദ്ധ്യാത്മിക കാര്യങ്ങളിൽ വിജയസാധ്യത കൂടുതൽ കാണപ്പെടുന്നത്. കാരണം വളരെകാലമായി കർമ്മ മണ്ഡലത്തിൽ കഴിയുകമൂലം ലോകത്തിന്റെ പ്രകൃതം ഇവർക്ക് മനസ്സിലായിരിക്കുന്നു! ലോകത്തിന്റെ പിറകെ ഓടിയിട്ട് വലിയ കാര്യമില്ല എന്ന് ഇവർക്കറിയാം. അതുകൊണ്ടാണ് ഈ കാലങ്ങളിൽ അവർ ആഗ്രഹം കുറഞ്ഞവരും കർമ്മവിമുഖരുമായി കാണപ്പടുന്നത്. ഇതിനെ വിരക്തി എന്ന് വിളിക്കുന്നു. വിരക്തി ആന്തരിക ലോകത്തിലേക്കും ആദ്ധ്യാത്മികതയിലേക്കും ഉള്ള പ്രവേശന കവാടമാണ്. എന്നാൽ സ്ത്രീകളുടെ കാര്യം നേരെ മറിച്ചുമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply