ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ഉടനീളം എൻ എച്ച് എസ് സേവനങ്ങളെ ബാധിച്ച സോഫ്റ്റ്‌വെയർ തകരാറ് സൈബർ ആക്രമണം ആണെന്ന് സ്ഥിരീകരിച്ചു. എൻ എച്ച് എസ് 111-ന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന സ്ഥാപനമായ അഡ്വാൻസ്ഡ് വ്യാഴാഴ്ച രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നതെന്ന് പറഞ്ഞു. ആക്രമണം മണിക്കൂറുകളോളം ഫോൺ സേവനത്തെയും ഇലക്ട്രോണിക് റെഫറലുകളേയും ബാധിച്ചിരുന്നു. ഈ സൈബർ ആക്രമണത്തെ പറ്റി തങ്ങൾക്ക് വിവരം ലഭിച്ചിരുന്നുവെന്നും അഡ്വാൻസ്ഡുമായി ചേർന്ന് അന്വേഷിക്കുകയായിരുന്നുവെന്നും നാഷണൽ ക്രൈം ഏജൻസി വ്യക്തമാക്കി. സുരക്ഷാ പ്രശ്നം ഇന്നലെ തിരിച്ചറിഞ്ഞതോടുകൂടി സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അഡ്വാൻസ്ഡിൻെറ തലവൻ സൈമൺ ഷോർട്ട് പറഞ്ഞു. തങ്ങളുടെ അടുത്തേക്ക് എൻ എച്ച് എസ് 111 റഫർ ചെയ്യുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി കാണുമെന്നും ഇത് സാങ്കേതിക പ്രശ്നമാണെന്നും നേരത്തെ തന്നെ എൻ എച്ച് എസ് ഇംഗ്ലണ്ട് ഫാമിലി ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ജിപി മാർക്ക് അയച്ച കത്തുകളിൽ ഇലക്ട്രോണിക് റഫറുകളിൽ ഉണ്ടായ സാങ്കേതിക തകരാർ രോഗികളെ റഫർ ചെയ്യുന്ന സംവിധാനത്തെ ബാധിച്ചതായി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ തകരാർ ഉടനെ പരിഹരിച്ചില്ലെങ്കിൽ യുകെയിലെ നാലു രാജ്യങ്ങളെയും ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ചെറിയ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. എൻ എച്ച് എസ് 111 സേവനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് 999 എന്ന നമ്പറിൽ വിളിക്കുക എന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ സൈബർ ആക്രമണം മൂലം ചെറിയ തടസ്സങ്ങളാണ് ഉണ്ടായിരിക്കുന്നത്. സോഫ്റ്റ്‌വെയർ സിസ്റ്റത്തിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം തന്നെ പരിഹരിക്കാൻ അഡ്വാൻസ്ഡ് പ്രവർത്തിക്കുന്നുണ്ടെന്നും എൻ എച്ച് എസ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.