കാൽവഴുതി കൊക്കർണിയിലേയ്ക്ക് വീണ അനുജത്തിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചേച്ചി മുങ്ങിമരിച്ചു. ആഴമുള്ള കുളമാണ് കൊക്കർണി. കരിപ്പോട് അടിച്ചിറ വിക്കാപ്പ് നടുവത്തുകളത്തിൽ പരേതനായ ശിവദാസന്റെയും ശശിലേഖയുടെയും മകൾ ശിഖാദാസാണ് മരിച്ചത്. 16 വയസായിരുന്നു. കുളത്തിന്റെ ആഴവും സ്വന്തം ജീവനും പോലും വകവെയ്ക്കാതെയാണ് തന്റെ കൂടപ്പിറപ്പിനെ രക്ഷിക്കാനായി ശിഖാദാസ് എടുത്ത് ചാടിയത്.
എന്നാൽ ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ ശിഖാദാസിനെ ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റാനായില്ല. സമീപത്തെ പുല്ലിൽ പിടിച്ചു കിടന്ന അനിയത്തിയെ ജീവിതത്തിന്റെ കരയിലേയ്ക്ക് കയറ്റി കൊണ്ട് വരികയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് പെരുമാട്ടി വണ്ടിത്താവളം മേലെ എഴുത്താണിയിലെ സ്വകാര്യവ്യക്തിയുടെ കൊക്കർണിയിലാണ് സംഭവം നടന്നത്.
മേലെ എഴുത്താണിയിലെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ശിഖയും അനിയത്തി ശില്പയും കൂട്ടുകാരിക്കൊപ്പം സമീപത്തെ നെൽപ്പാടത്തെ വരമ്പിലൂടെ നടക്കുമ്പോൾ ശില്പയുടെ കാലിൽ ചെളി പറ്റി. ഇത് കഴുകാൻ അടുത്തുള്ള കൊക്കർണിയിലേക്ക് ഇറങ്ങിയ ശില്പ കാൽ വഴുതി വീഴുകയായിരുന്നു. അനുജത്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശിഖാദാസ് ആഴങ്ങളിലേയ്ക്ക് വഴുതി വീണു. ശിഖയെ ശില്പയും കൂട്ടുകാരിയും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ ക്ലബ്ബിലുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചിറ്റൂർ അഗ്‌നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വടവന്നൂർ വി.എം.എച്ച്.എസ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശിഖ. മുത്തശ്ശി ജാനകിക്കൊപ്പമാണ് ശിഖ താമസിച്ചിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Leave a Reply