ബിർമിങ്ഹാം : 4×400 മീറ്റർ റിലേയിൽ ഇംഗ്ലണ്ടിന് കടുത്ത നിരാശ. ഏറ്റവും കടുപ്പമേറിയ ഫിനിഷിംഗ് നടത്തി ഒന്നാമതെത്തിയെങ്കിലും ലെയ്ൻ ലംഘനം ( lane infringement) നടത്തിയെന്ന് ഉദ്യോഗസ്ഥർ വിധിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ടിന് സ്വർണം നിഷേധിക്കപ്പെട്ടു. ഓടുന്നതിനിടയിൽ മറ്റൊരാളുടെ പാതയിലേക്ക് കടക്കുന്നതിനെയാണ് ലെയ്ൻ ഇൻഫ്രിഞ്ച്മെന്റ് എന്ന് പറയുന്നത്.
കാനഡയുടെ കൈറ കോൺസ്റ്റന്റൈനേക്കാൾ ഒരു മില്ലി സെക്കന്റ് വ്യത്യാസത്തിൽ ഇംഗ്ലണ്ടിന്റെ ജെസ്സി നൈറ്റ് ഫിനിഷ് ചെയ്തെങ്കിലും ഭാഗ്യം തുണച്ചില്ല. ഇംഗ്ലണ്ട് 3:25:83, കാനഡ 3:25:84 എന്നീ സമയത്തിലാണ് ഫിനിഷ് ചെയ്തത്. എങ്കിലും ഇംഗ്ലണ്ട് ടീം അയോഗ്യരാക്കപ്പെട്ടു. ബാറ്റൺ സ്വീകരിക്കുമ്പോൾ ജോഡി വില്യംസിന്റെ കാൽ തൊട്ടടുത്ത ലെയ്നിലേക്ക് തെന്നിമാറിയതാണ് കാരണം.
ഇതോടെ കാനഡ സ്വർണം നേടി. ജമൈക്ക വെള്ളിയും സ്കോട്ട്ലൻഡ് വെങ്കലവും കരസ്ഥമാക്കി. വിക്ടോറിയ ഒഹുറൂഗു, വില്യംസ്, അമാ പിപ്പി എന്നിവരെല്ലാം മികച്ച പ്രകടനം നടത്തി. ഫോട്ടോഫിനിഷിൽ ഇംഗ്ലണ്ട് സ്വർണത്തിലേക്ക് എത്തിയെങ്കിലും വിധി മറ്റൊന്നായിരുന്നു. അയോഗ്യരാക്കിയതോടെ ടീം ഏറ്റവും അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
Leave a Reply