ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ സർ സൽമാൻ റുഷ്‌ദിയെ വധിക്കാൻ ശ്രമിച്ച മത തീവ്രവാദി വിവാദ നോവലായ സാത്താനിക് വേഴ്‌സസിൻെറ രണ്ടു പേജുകൾ മാത്രമാണ് വായിച്ചിട്ടുള്ളത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജയിലിൽ നിന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അക്രമി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ന്യൂയോർക്കിൽ വച്ച് നടന്ന പരിപാടിയിലാണ് 24 കാരനായ ഹാദി മതർ ആക്രമണം നടത്തിയത്.

വിവാദ നോവലായ സാത്താനിക് വേഴ്‌സ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എഴുത്തുകാരൻെറ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാൻ ഹത്‌വ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതാണ് തന്റെ ആക്രമണത്തിന് പിന്നിലെന്ന് ഹാദി മതർ സ്ഥിരീകരിച്ചിട്ടില്ല. 1988-ൽ സൽമാൻ തൻെറ വിഖ്യാതവും വിവാദപരവുമായ നോവൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് പുസ്തകത്തിലെ ഉള്ളടക്കത്തിൽ മതനിന്ദ ആരോപിച്ച് വൻ പ്രതിഷേധമാണ് ഉടലെടുത്തത്. പുസ്തകത്തിൻറെ പ്രകാശനത്തെ തുടർന്ന് റുഷ്‌ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാനിയൻ നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനിയെയാണ് ഹത്‌വ പുറപ്പെടുവിച്ചത്.


ആക്രമണത്തിൽ റുഷ്‌ദിക്ക് കണ്ണിനും കൈകൾക്കും കരളിനും മാരകമായി പരിക്ക് പറ്റിയിരുന്നു. മാരകമായ ആക്രമണത്തെ അതിജീവിച്ച എഴുത്തുകാരനെ ശനിയാഴ്ചയാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. നാളെ വെള്ളിയാഴ്ച പ്രിയ എഴുത്തുകാരനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി അദ്ദേഹത്തിൻറെ കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിൽ സാഹിത്യകാരന്മാർ പാരായണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.