കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. 3 പേർക്കു പരുക്ക്. കാർ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി (85), ചെറുമകളുടെ മകൾ ജാനകി എന്നിവരാണു മരിച്ചത്. കൃഷ്ണകുമാരിയുടെ മകൻ റിട്ട. സബ് റജിസ്ട്രാർ ജയദേവൻ (61), ഭാര്യ ഷീബ (54), ഇവരുടെ മകൾ കൃഷ്ണഗാഥ (33) എന്നിവർക്കു സാരമായി പരുക്കേറ്റു.
കൃഷ്ണഗാഥയുടെയും ആർക്കിടെക്ട് ആയ ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ സുധീഷിന്റെയും ഏക മകളാണു ജാനകി. തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡിൽ ഈഗോ ഡിസൈൻസ് എന്ന സ്ഥാപന ഉടമയാണ് സുധീഷ്. നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ തൃശൂർ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നൽകി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ബൈപാസ് റോഡിൽ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ക്ഷേത്രദർശനം കഴിഞ്ഞു ഗുരുവായൂരിൽ നിന്നു മടങ്ങുകയായിരുന്നു കുടുംബം. സുധീഷും മാതാപിതാക്കളും മറ്റൊരു കാറിൽ ഇവർക്കു പിന്നിലായിരുന്നു.
ജയദേവനാണ് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. മുൻ സീറ്റിൽ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകി ഇന്നലെ രാവിലെ 7 നും മരിച്ചു. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്നു തിരുവനന്തപുരത്തു നടക്കും. ജാനകിയുടെ മൃതദേഹം സുധീഷിന്റെ ചാത്തന്നൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിക്കും.
അപകടത്തിൽ പരുക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതിരുന്ന നീണ്ടകര താലൂക്ക് ആശുപത്രി അധികൃതരുടെ നടപടി ഗുരുതര വീഴ്ചയായി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ആശയക്കുഴപ്പവും യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിനു തടസ്സമായി.അപകടം നടന്ന ഉടൻ ദൃക്സാക്ഷികളിൽ ചിലർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. നിമിഷങ്ങൾക്കകം 2 കൺട്രോൾ റൂം വാഹനങ്ങൾ പാഞ്ഞെത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേനയും. അപകടം നടന്നയുടൻ, അതുവഴി കാറിൽ പോകുകയായിരുന്ന ഒരാൾ ഗുരുതരമായി പരുക്കേറ്റ 3 വയസ്സുകാരി ജാനകിയെ അവരെ വാഹനത്തിൽ നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തിൽപെട്ട മറ്റുള്ളവരെ ആശുപത്രികളിലേക്കു മാറ്റുന്നതിനിടെയാണു കുഞ്ഞ് എവിടെയാണെന്ന വിവരം അറിയാതെ രക്ഷാപ്രവർത്തകർ കുഴങ്ങിയത്.
ഈ സമയം ജാനകി നീണ്ടകര താലൂക്ക് ആശുപത്രിയിൽ മരണത്തോടു മല്ലിടുകയായിരുന്നു. കുഞ്ഞിനെ ഏത് ആശുപത്രിയിലേക്കാണു കൊണ്ടുപോയതെന്നു വിവരം തിരക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വയർലെസിലൂടെ നിർദേശിക്കുന്നതു താലൂക്ക് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കേട്ടു. ഈ പൊലീസുകാരനാണു കുഞ്ഞിനെ അവിടെ എത്തിച്ച വിവരം കൈമാറുന്നത്. അപ്പോഴേക്കും അര മണിക്കൂറിലേറെ പിന്നിട്ടു. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കു മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റാൻ താലൂക്ക് ആശുപത്രി അധികൃതർ നിർദേശിച്ചു.
Leave a Reply