ഷെറിൻ യോഹന്നാൻ
“നീയൊക്കെ എത്രനാൾ ഞങ്ങളെ പറ്റിച്ചു നടക്കുമെടാ?” ആ ശബ്ദം കേട്ട് രണ്ട് പേരുമൊന്ന് ഞെട്ടി. തിരിഞ്ഞുനോക്കും മുന്നേ ഇടതും വലതുമായി കാക്കി പാന്റ്സിട്ട കാലുകൾ നിരന്നുകഴിഞ്ഞു. കൂട്ടത്തിൽ നീളമുള്ളവന്റെ തോളിൽ ഇട്ടിരുന്ന ബാഗിലും പിടിവീണു. ഒന്ന് കുതറിയെങ്കിലും ഓടാൻ കഴിഞ്ഞില്ല. കാരണം ആ കൈകൾ വല്ലാതെ പിടിമുറുക്കിയിരുന്നു. കഴുത്ത് ഞെരിഞ്ഞമർന്നു. രക്തയോട്ടത്തിന്റെ വേഗത കുറയുന്നതായി അവനു തോന്നി. വലത്തോട്ട് കണ്ണ് വെട്ടിച്ചു നോക്കിയപ്പോൾ കൂടെയുണ്ടായിരുന്നവന്റെ കൈകൾ പുറകിൽ കെട്ടിവെച്ച അവസ്ഥയിൽ. ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല. അതിരാവിലെ ആണെങ്കിലും ഇരുവരും വിയർത്തു പോയി. ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. “മോഷണക്കേസിലെ രണ്ട് പ്രതികളെയും പിടിച്ചു സർ.”
2
ഒരാഴ്ച മുമ്പ്
“ഹലോ.. സാറെ, മെമ്പർ രമേശനാണെ… ഇത് എന്ത് പരിപാടിയാ സാറെ.. ഈ മാസം ഇത് നാലാമത്തെ വീടാ. ഇങ്ങനാണേൽ നാട്ടുകാർ സ്വസ്ഥമായിട്ട് എങ്ങനെ കിടന്നുറങ്ങും. ഇപ്പോ അവൻ ആളില്ലാത്ത വീട്ടി കേറി കക്കുന്നു. നാളെ ഉറങ്ങുന്നോന്റെ തല തല്ലിപൊളിച്ച് കട്ടോണ്ട് പോയാലോ… സാറുമാർക്ക് വരാൻ പറ്റുവെങ്കി വന്ന് അന്വേഷിക്ക്.” മറുപടിക്ക് കാത്തുനിൽക്കാതെ ഫോൺ കട്ട് ചെയ്ത മെമ്പറുടെ ധാർഷ്ട്യത്തിലുള്ള അമർഷം മനസ്സിൽ കടിച്ചമർത്തികൊണ്ട് നൂറനാട് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം അയച്ചു. നാലാമത്തെ വീടും മോഷ്ടിക്കപ്പെട്ടുവെന്ന് അറിഞ്ഞതോടെ കേസിന് പുറകെ ഉണ്ടായിരുന്ന ഏമാൻമാർ ജീപ്പെടുത്ത് ഇറങ്ങി.
3
നൂറനാടിന് സമീപം പടനിലം. ഇരുനില കെട്ടിടമാണ്. വീട്ടിൽ ആളില്ല. രണ്ട് ദിവസം മുമ്പ് ബന്ധുക്കാരുടെ ആരുടെയോ കല്യാണത്തിന് പോയതാണെന്ന് മെമ്പർ പറഞ്ഞു. മോഷണം നടന്നതറിഞ്ഞിട്ടും അധികം ആളുകൾ കൂടിയിട്ടില്ല. പുതിയൊരു കാര്യം അല്ലാത്തതിനാൽ ആവാം മെമ്പറും പത്രക്കാരനും വീട്ടുമുറ്റം തൂത്തിടാൻ എത്തിയ സ്ത്രീയും വോളിബോൾ കളിക്കാൻ പോയ കുറച്ചു പിള്ളേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളില്ലെങ്കിലും മുറ്റം തൂത്തിടാൻ പതിവ് പോലെ സ്ത്രീ എത്തും. ഗേറ്റിന്റെ താക്കോൽ ഇപ്പോൾ അവരുടെ കൈവശം മാത്രമേ ഉള്ളൂ. ഇന്നലെ രാത്രിയിലെ മഴയ്ക്ക് റോഡിലേക്ക് ചാഞ്ഞ ബോഗയിൻവില്ല നേരെ പിടിച്ചു കെട്ടിവയ്ക്കുന്നതിനിടയിലാണ് മതിലിൽ കാൽപാടുകൾ ശ്രദ്ധിച്ചത്. ചെളി ചവിട്ടിയ ചെരുപ്പിന്റെ പാടുകൾ മതിൽ കയറി പോയിരിക്കുന്നു.വീടിനുള്ളിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. എന്തെങ്കിലുമൊരു തെളിവ് തേടി വീടും പരിസരവും ചികയുന്നതിനിടയിലാണ് കടിച്ചുമുറിച്ച രീതിയിൽ ഒരു ബസ് ടിക്കറ്റ് വീടിന്റെ പടിയോട് ചേർന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. രാത്രിയിലെ മഴ നനയാത്ത ടിക്കറ്റ്. മഴ രാത്രി 11 മണി വരെ ഉണ്ടായിരുന്നു. രാവിലെ ഇവിടെ നിൽക്കുന്ന ആരും ബസിൽ കയറി വന്നിട്ടുമില്ല. രാത്രി 11 കഴിഞ്ഞ് ഇവിടെ എത്തിയ ആരുടെയോ കയ്യിൽ ഉണ്ടായിരുന്ന ടിക്കറ്റ്. രാജൻ സാറിന് ആവേശമായി. ഒന്നിൽ പിഴച്ചാൽ മൂന്ന്… അല്ല നാല്. ഇതെങ്കിലും ഒത്തുവരണേ… ടിക്കറ്റും കൈയിൽ പിടിച്ച് രാജൻ സാർ മനസിലോർത്തു.
4
മുറിഞ്ഞ ടിക്കറ്റ് കഷ്ണങ്ങൾ കൂട്ടിവെച്ച് നോക്കി. കെഎസ്ആർടിസി ബസ് ടിക്കറ്റ് ആണ്. പലയിടത്തേയും മഷി മാഞ്ഞുപോയിട്ടുണ്ട്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ടിക്കറ്റാണെന്നു മനസിലാക്കാൻ ഉള്ള വിവരം അതിൽ ഉണ്ടായിരുന്നു. കൊല്ലം ഡിപ്പോയിലേക്ക് അന്വേഷണം നീണ്ടു. ഫെയർ സ്റ്റേജ് നോക്കി ബസിന്റെ റൂട്ടറിഞ്ഞു. രാത്രി വൈകിയുള്ള ബസ് ആണ്. ചിറ്റുമലയിൽ നിന്നുള്ള ഫെയർ സ്റ്റേജ് നിരക്കാണ് ടിക്കറ്റിലെന്ന് അറിഞ്ഞതോടെ രാത്രി യാത്രക്കാരനായ ആനവണ്ടിയുടെ കണ്ടക്ടറെ തേടി പോലീസ് എത്തി. “ചിറ്റുമലേന്ന് മൂന്നു ദിവസം മുമ്പ് രണ്ടുപേര് കേറിയാരുന്നു സാറേ.. തൊപ്പി വെച്ച ഒരാളും തലേലൂടെ തോർത്തിട്ട നീളവൊള്ള ഒരാളും. അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തെങ്കിലും ഛർദിക്കാൻ വരുന്നെന്ന് പറഞ്ഞ് പടനിലത്ത് ഇറങ്ങി.”
5
ചിറ്റുമല ബസ് സ്റ്റോപ്പിന്റെ എതിർവശത്തെ കടയിൽ റോഡിലേക്ക് നോക്കി നിൽക്കുന്ന ഒരു സിസിടിവി ക്യാമറ ഉണ്ട്. ദൃശ്യങ്ങൾ തിരഞ്ഞപ്പോൾ രാത്രി 12:30ന് തൊപ്പിവെച്ചവനും തോർത്തിട്ടവനും ബസ് കയറിപോകുന്നത് കണ്ടു. തിരികെ എത്തിയത് രാവിലെ 6:15 ന്റെ ബസിൽ. ചിറ്റുമലയ്ക്ക് അടുത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന രണ്ട് പേരാണ് അതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബാഗും തോളിൽ ഇട്ട് രാവിലെ ബസ് ഇറങ്ങി നടന്നുവരുന്ന രണ്ടുപേരെ മീൻക്കാരൻ അന്ത്രപ്പൻ ചേട്ടനും കണ്ടിട്ടുണ്ട്. തന്നെയും മീൻവണ്ടിയെയും സിസിടിവിയിൽ കണ്ടത് അന്ത്രപ്പൻ ചേട്ടനങ്ങ് ഇഷ്ടപ്പെട്ടു.
6
കുമ്പളം രാജീവിന്റെ ഉടമസ്ഥയിലുള്ള വീട്ടിലാണ് ചെറുപ്പക്കാർ രണ്ടും കഴിഞ്ഞിരുന്നത്. രാജീവിന്റെ മകൻ സനലിനെ ഈ ചെറുപ്പക്കാരോടൊപ്പം കണ്ടവരുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് കഞ്ചാവ് കേസിൽ സനൽ അകത്തു കിടന്നതാണെന്ന് അറിഞ്ഞതോടെ അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ മുറിയെടുത്ത് ചിറ്റുമലയിൽ താമസമാക്കി. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഒന്നാം ഭാഗത്തിലെ കാര്യങ്ങൾ നടന്നത്. പാരിപ്പള്ളിയിൽ നിന്ന് ഓപ്പറേഷൻ കഴിഞ്ഞെത്തിയ ചെറുപ്പക്കാരെ ചിറ്റുമല ബസ്സ്റ്റോപ്പിൽ നിലയുറപ്പിച്ച സാറുമ്മാർ പിടികൂടി.
“മോഷണക്കേസിലെ രണ്ട് പ്രതികളെയും പിടിച്ചു സർ.” ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് വിളിയെത്തി. ആഗസ്ത് മാസത്തിലെ പ്രഭാതത്തിൽ വിയർത്തുപോയ ചെറുപ്പക്കാരുടെ കയ്യിൽ വിലങ്ങുവച്ച് രാജൻ സാറും സുഹൃത്തും ജീപ്പിനായി കാത്തുനിന്നു. “അടിച്ചുമാറ്റൽ ഒക്കെ കഴിഞ്ഞ് ഇത്രേം നേരം എവിടായിരുന്നെടാ?” രാജൻ സാറിന്റെ ചോദ്യത്തിന് തൊപ്പിക്കാരനാണ് അല്പം മടിച്ചു മടിച്ചു മറുപടി പറഞ്ഞത്. “ക്ഷീണം കാണത്തില്ലേ സാറേ… വണ്ടിയുടെ സൈഡ് സീറ്റിലിരുന്ന് തണുപ്പുമടിച്ച് പറ്റിയ വീട് നോക്കി ഇറങ്ങി പണി നടത്തുന്നതല്ലേ.. അവിടെ തന്നെ കിടന്ന് ഒന്ന് മയങ്ങും. രാവിലെ വേറെ സ്റ്റോപ്പീന്ന് ബസ് കേറി ഇങ്ങ് പോരും.” ചിരി വന്നെങ്കിലും രാജൻ സാർ ചിരിച്ചില്ല. തൊപ്പിക്കാരനെ ഒന്നുകൂടി മുറുക്കെ പിടിച്ചു.
ആഹ്.. അന്വേഷണ സംഘത്തിനും അവരുടെ ചികഞ്ഞെടുപ്പിനും ഒരു പേര് കൂടി ഉണ്ട്; ‘ഓപ്പറേഷൻ നൈറ്റ് റൈഡർ’
Based on True Events
ഷെറിൻ പി യോഹന്നാൻ : പത്തനംതിട്ട മല്ലപ്പള്ളി മുക്കൂർ സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസം ഡിപ്ലോമ പൂർത്തിയാക്കി. ഇപ്പോൾ കേരള കൗമുദി ദിനപത്രത്തിൽ ലേഖകൻ. നാല് വർഷമായി ഫിലിം റിവ്യൂ എഴുതുന്നു.
Leave a Reply