ലണ്ടൻ : ഒക്ടോബർ 8-ാം തീയതി യോർക്ക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച ചെറുകഥാകൃത്തിനുള്ള അവാർഡ് റ്റിജി തോമസിന് സമ്മാനിക്കും. മലയാളത്തിലെ മുന്തിയ ആനുകാലികങ്ങളിലെ ചെറുകഥകളിലൂടെ വായനക്കാരുടെ ഇടയിൽ സുപരിചിതനായ റ്റിജി തോമസിന്റെ രചനകൾ വിശേഷാ അവസരങ്ങളിൽ മലയാളം യുകെയിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളിൽ ഒന്നാണ്.

തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ തലവനാണ് റ്റിജി തോമസ് . അവാർഡ് സ്വീകരണത്തിനായി എത്തിച്ചേർന്ന റ്റിജി തോമസിനെ യുക്മ യോർക്ക്ഷെയർ ആന്റ് ഹമ്പർ റീജൻ സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി റ്റോണി പാറടിയിൽ, വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രസിഡൻറ് ജിമ്മി ദേവസ്യകുട്ടി യുക്മാ യോർക്ക് ഷെയർ ആൻറ് ഹംമ്പർ പ്രതിനിധി ലെനിൻ തോമസ് മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ആയ ഷിബു മാത്യു, ജോജി തോമസ് തുടങ്ങിയവർ ചേർന്ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്വീകരിച്ചു.

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ രചയിതാവാണ് .

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്.  ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന ബോളിവുഡ് ഡാൻസ് മത്സരങ്ങളും മലയാളം യുകെ അവാർഡ് നൈറ്റും വൈകുന്നേരം 9 മണിയോടെ അവസാനിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ഒക്ടോബർ എട്ടിന് രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.