വടക്കഞ്ചേരി അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജോജോ പത്രോസ് എന്ന പേരിലായിരുന്നു ഇയാള്‍ ചികിത്സ തേടിയത്. പുലര്‍ച്ചെ ഇയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ലൂമിനസ് ബസിലെ ഡ്രൈവര്‍ ജോമോന്‍ എന്ന ജോജോ പത്രോസിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അപകടത്തിന് ശേഷം വടക്കഞ്ചേരി ഇ കെ നായനാര്‍ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സ തേടിയത്. പുലര്‍ച്ചെ മൂന്നരയോടെ പൊലീസുകാരനാണ് ഇയാളെ കൊണ്ടുവന്നത്. കയ്യിലും കാലിലും ചെറിയ രീതിയിലുള്ള പരുക്കാണ് ഇയാള്‍ക്കുണ്ടായിരുത്.

ആദ്യം അധ്യാപകന്‍ എന്നായിരുന്നു ഇയാള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഇയാള്‍ പോയത്. ബസിന്റെ ഡ്രൈവര്‍ എന്നാണ് ഇവര്‍ പറഞ്ഞതെന്നും ആശുപത്രിയിലെ നഴ്‌സ് പറയുന്നു.

ബസ് ഊട്ടിയിലേക്കുള്ള യാത്രയ്‌ക്കെത്തിയത് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞയുടനെന്ന് ആരോപണം. ഡ്രൈവര്‍ ക്ഷീണിതനായിരുന്നെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പ്രതികരിച്ചു.’വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്ര പുറപ്പെട്ടത്. ഡ്രൈവര്‍ നന്നായി വിയര്‍ത്തുകുളിച്ച് ക്ഷീണിതനായിരുന്നു. രാത്രിയാണ് സൂക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ കുഴപ്പമൊന്നുമില്ല ഞാന്‍ വളരെ പരിചയ സമ്പന്നനായ ഡ്രൈവര്‍ ആണെന്നായിരുന്നു അയാളുടെ മറുപടി’, അപകടത്തില്‍പ്പെട്ട കുട്ടിയുടെ മാതാവ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

5.30ന് സ്‌കൂള്‍ പരിസരത്ത് എത്തുമെന്ന് അറിയിച്ച ബസ് സ്ഥലത്തെത്തിയത് തന്നെ ഏറെ വൈകിയാണ്. തുടര്‍ന്ന് 6.45 ഓടെ ഊട്ടിയാത്ര ആരംഭിക്കുകയായിരുന്നു.യാത്ര പുറപ്പെട്ടത് മുതല്‍ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികളും പ്രതികരിച്ചു. ബസിന് വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പരിചയ സമ്പന്നയായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടി. എണ്‍പത് കിലോമീറ്റര്‍ വേഗതയിലാണ് ബസ് ഓടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.

അപകടത്തില്‍ അന്വഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആന്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. റോഡിലെ നിയമലംഘനങ്ങല്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി പരുക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.
അപകടത്തില്‍ മരിച്ച ഒന്‍പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.