ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യുകെയിലെത്തുന്ന കേരളീയ വിദ്യാർത്ഥികൾക്ക് യുകെയിലെ പഠന കാലയളവിലേയ്ക്കായി സ്വന്തമായി താമസസൗകര്യം കണ്ടെത്തുന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഉറപ്പാക്കുവാൻ സർവ്വകലാശാലകൾക്ക് സാധിക്കാത്തതും , ചിലയിടങ്ങളിൽ സർവകലാശാല നൽകുന്ന താമസ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് താങ്ങാൻ ആവാത്തതുമാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. വിദ്യാർത്ഥികളോടൊപ്പം ഭർത്താവോ കുട്ടികളോ ഉണ്ടെങ്കിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണ്. ലണ്ടനിലെ ഒരു പ്രശസ്ത സർവകലാശാലയിൽ നിയമത്തിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ജയേഷ് പിള്ള വലിയ സാമ്പത്തിക പിന്തുണയില്ലാത്ത ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ തന്റെ 20 മണിക്കൂർ ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ആറ് മുറിയുള്ള വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഓരോ മുറിയിലും മൂന്ന് വിദ്യാർത്ഥികളുള്ള ഈ കെട്ടിടത്തിൽ ഒരു ടോയ്‌ലറ്റ് മാത്രമാണ് ഉള്ളത്. ഇതിനായി പ്രതിമാസം 350 പൗണ്ട് താൻ നൽകേണ്ടതായി വരികയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ വീട്ടുടമസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം വ്യത്യസ്ത വിദ്യാർത്ഥികളെ തന്റെ മുറിയിലേക്ക് കൊണ്ടുവരുന്നത് തുടരുകയും മുറി മാറുവാൻ ജയേഷിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇതേ അവസ്ഥ നേരിടുന്ന നിരവധി പേരാണ് ബ്രിട്ടനിലുള്ളത്. ലണ്ടനിലെ തെരുവുകളിൽ വിദ്യാർത്ഥികൾ ഭിക്ഷാടനം നടത്തുന്നതായി പോലും റിപ്പോർട്ടുകളുണ്ട്.
ഇത് മലയാളി വിദ്യാർഥികളുടെ മാത്രം പ്രശ്നമല്ല. യുകെയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് കഴിഞ്ഞദിവസം ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യം ഒരുക്കി നൽകണമെന്ന ആവശ്യമാണ് പൊതുവായി ഉന്നയിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ കോൺസുലേറ്റ് ഈ പ്രശ്നങ്ങളിൽ ഇടപെടേണ്ടത് വളരെ ആവശ്യമാണെന്നും ഇവിടങ്ങളിൽ നിന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതോടൊപ്പം തന്നെ താമസ സൗകര്യം ലഭിക്കാതെ മറ്റുള്ള കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ വിദ്യാർത്ഥികൾ ഒരിക്കലും ശ്രമിക്കരുതെന്നും നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു.
Leave a Reply