ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആശുപത്രിയിലെ കുളിമുറിയിൽ യുവ ഡോക്ടറെ  മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇരുപത്താറുകാരിയായ ജയ്ഡാ ബെന്റോയെയാണ് കഴിഞ്ഞ ജൂൺ 25ന് ബ്രസീലിലെ  ഏണസ്റ്റിന ലോപ്സ് ജെയിം സ്റ്റേറ്റ് ഹോസ്പിറ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവ ഡോക്ടറുടെ സഹപ്രവർത്തകരെ എല്ലാം തന്നെ ചോദ്യം ചെയ്തതായും ഏതെങ്കിലും തരത്തിലുള്ള ആസൂത്രണം  നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണെന്നും പോലീസ് മേധാവി ടിബരിയോ മാർട്ടിൻസ് വ്യക്തമാക്കി.

ഉച്ചയ്ക്ക് 12.40 വരെ രോഗികളെ എല്ലാവരെയും പരിശോധിച്ച ശേഷം പിന്നീട് കാണാതിരുന്ന ജെയ്ഡയെ സഹപ്രവർത്തകരായ ഡോക്ടറും നഴ്സും ചേർന്ന് അന്വേഷിക്കുകയും, പിന്നീട് സെമി- ഇന്റെന്സീവ് ഐസിയുവിന് സമീപമുള്ള മുറിയിൽ മരിച്ച നിലയിൽ  കണ്ടെത്തുകയുമായിരുന്നു. അവർ വാതിൽക്കൽ നിന്ന് ഡോക്ടറെ വിളിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. പിന്നീട് ഇവർ ബലം പ്രയോഗിച്ച് അകത്തു കടന്നപ്പോഴാണ് മരണപ്പെട്ട നിലയിൽ ഡോക്ടറെ കണ്ടെത്തിയത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെഡിസിൻ (ഐ‌എം‌എൽ)ന്റെ റിപ്പോർട്ട് അനുസരിച്ച്, മരുന്നുകളുടെ ഉപയോഗം മൂലമുണ്ടായ ശ്വാസതടസ്സം മൂലമാണ് ജെയ്ഡ മരിച്ചിരിക്കുന്നത്. അവളുടെ മൃതശരീരത്തിന് സമീപം ഉറക്കമില്ലായ്മയ്ക്ക് ഉപയോഗിക്കുന്ന മരുന്നും ഒരു സിറിഞ്ചും കണ്ടെത്തിയിരുന്നു. മാനസിക വൈകല്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നും ജെയ്ഡയുടെ ശരീരത്തിൽ  കണ്ടെത്തിയിട്ടുണ്ട്.