പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ ചിലരെ മാത്രം മോബി സിവില്‍ ആശുപത്രിയുടെ സജ്ജീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. മോദിയുമായി സംസാരിക്കാന്‍ ഇവരെ തയ്യാറാക്കി ആശുപത്രി കെട്ടിടത്തിന്റെ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. 135 പേര്‍ കൊല്ലപ്പെട്ട ഗുജറാത്തിലെ മച്ചുനദിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടസ്ഥലം സന്ദര്‍ശിച്ച മോദി പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പെയിന്റ് അടിച്ച വാര്‍ഡില്‍ പുതിയ കിടക്കയും കിടക്ക വിരിയും സജ്ജമാക്കി തെരഞ്ഞെടുക്കപ്പെട്ട രോഗികളെ അവിടേക്ക് മാറ്റുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയുടെ ഒഴിഞ്ഞുകിടന്നിരുന്ന താഴത്തെ നിലയിലെ മുറിയാണ് ഇത്തരത്തില്‍ സജ്ജമാക്കിയത്. മുകളിലത്തെ നിലയിലായിരുന്നു രോഗികളെ പ്രവേശിപ്പിച്ചത്. പുതിയ കിടക്ക വിരികളില്‍ പലതിലും മോര്‍ബിയില്‍ നിന്നും 300 കിലോ മീറ്റര്‍ അകലെ ജാംനഗറിലുള്ള ഒരു ആശുപത്രിയുടെ അടയാളം പതിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

40 തൊഴിലാളികള്‍ രാത്രി മുഴുവന്‍ ജോലി ചെയ്താണ് ഒറ്റ ദിവസം കൊണ്ട് ആശുപത്രി പെയിന്റ് ചെയ്തത്. ശുചിമുറികളിലും പുതിയ ടൈലുകള്‍ പാകിയിട്ടുണ്ട്. ഇതിന് പുറമേ നാല് പുതിയ വാട്ടര്‍ കൂളറും സ്ഥാപിച്ചിട്ടുണ്ട്. ‘ശവത്തിന്മേലുള്ള ഇവന്റ് മാനേജ്‌മെന്റാ’ണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപിച്ചു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത തല യോഗം ചേര്‍ന്നു.

സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒറിവ ഗ്രൂപ്പിനെതിരെ മനഃപൂര്‍വ്വമല്ലത്ത നരഹത്യാകുറ്റവും ചുമത്തി. തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30 നാണ് തകര്‍ന്നത്. 1877 ല്‍ നിര്‍മിച്ച 233 മീറ്റര്‍ നീളമുള്ള പാലം 7 മാസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം 26 നാണു തുറന്നത്. പാലത്തിന് മുനിസിപ്പാലിറ്റിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നു റിപ്പോര്‍ട്ടുണ്ട്.