ഷൈമോൻ തോട്ടുങ്കൽ

വചനം കലാരൂപത്തിലവതരിക്കുന്ന അസുലഭ നിമിഷത്തിന് സാക്ഷിയാകാൻ ഇനി മൂന്ന് നാൾകൂടി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾകലോത്സവ മത്സരങ്ങൾ നവംബർ 19 ന് കൊവെൻറി റീജിയണിലെ സ്റ്റാഫ്‌ഫോഡിൽ വച്ച് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും .രൂപതയിലെ എട്ട് റീജിയണുകളിലായി നടത്തപ്പെട്ട മത്സരങ്ങളിൽനിന്നും സിംഗിൾ ഐറ്റം മത്സരങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ നേടിയവരും ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരുമാണ് രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്.

രാവിലെ എട്ട് മണിക്ക് രജിട്രേഷൻ ആരംഭിക്കും. തുടർന്ന് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിനോടൊപ്പം രൂപത പ്രോട്ടോ സിഞ്ചെല്ലൂസും , വികാരി ജനറാളുമാരും മറ്റ് വൈദീകരും , സന്യസ്തരും വിശ്വാസ സമൂഹത്തോടൊപ്പം ചേരും . കലോത്സവ മത്സരങ്ങൾക്ക് പങ്കെടുക്കാൻ വരുന്നവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . രാവിലെ ഒമ്പതുമുതൽ പരിശുദ്ധ കുർബാനയുടെ ആരാധന ഉണ്ടായിരിക്കും . രാവിലെ പത്ത് മണിക്കും ,പന്ത്രണ്ടുമണിക്കും രണ്ടുമണിക്കും നാലുമണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കാൻ വരുന്നവർ അവരവരുടെ ചെസ്സ് നമ്പർ തങ്ങളുടെ റീജിയണൽ കോ ഓർഡിനേറ്ററിന്റെ കൈയിൽനിന്നും മേടിക്കേണ്ടതാണ് . പതിനൊന്ന് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ നടത്തുക . വിശാലമായ സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണെങ്കിലും പാർക്കിംഗ് രജിസ്‌ട്രേഷൻ നിർബന്ധമായതിനാലും തിരക്കൊഴിവാക്കാനുമായി പ്രീ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. പ്രീ രജിസ്ട്രേഷനെക്കുറിച്ച് കൂടുതലായി അറിയുന്നതിനായി യൂണിറ്റ് കോ ഓർഡിനേറ്റർ / റീജിയണൽ കോ ഓർഡിനേറ്റർസുമായോ ബന്ധപ്പെടേണ്ടതാണ് .

മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഫുഡ് കൌണ്ടർ ബ്രേക് ഫാസ്റ്റ് സമയം മുതൽ പ്രവർത്തിക്കുന്നതാണ് . വിശ്വാസത്തിന്റെ പ്രഘോഷകരാകുവാൻ, സുവിശേഷമാകുവാനും സുവിശേഷമേകുവാനും ഈ രൂപത ബൈബിൾ കലോത്സവം ഇടയാകട്ടെ .ബൈബിൾ കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ ആപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.