ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ കനത്ത ശൈത്യം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് കാലാവസ്ഥ ഏജൻസി നൽകി കഴിഞ്ഞിരിക്കുകയാണ്. യുകെയിൽ ഉടനീളം കടുത്ത തണുപ്പ് ആരംഭിക്കുന്നതിനാൽ വാഹനങ്ങളിൽ ചൂടുള്ള വസ്ത്രങ്ങളും പുതപ്പുകളും ഫ്ലാസ്കുകളും മറ്റും സൂക്ഷിക്കാൻ വാഹനമോടിക്കുന്നവരോട് നിർദ്ദേശിച്ചു കഴിഞ്ഞു. മഞ്ഞുവീഴ്ചയുള്ളതും മഞ്ഞുമൂടിയതുമായ അന്തരീക്ഷത്തിൽ വാഹനമോടിക്കുന്ന ആളുകൾ പെട്ടെന്ന് തകരാർ സംഭവിച്ചാൽ ചൂട് നിലനിർത്തുവാനുള്ള മറ്റ് മാർഗ്ഗങ്ങൾ കരുതിയിരിക്കണമെന്നുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ ആഴ്ച ശൈത്യം കൂടുതൽ ശക്തമാകുമെന്നാണ് അധികൃതർ നിർദ്ദേശം നൽകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒറ്റരാത്രികൊണ്ട് -10 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു. ചിലയിടങ്ങളിൽ ഇത് -6 ഡിഗ്രി സെൽഷ്യസ് വരെ ആകാമെന്നുമാണ് അറിയിപ്പ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറപ്പെടുവിച്ച, ലെവൽ മൂന്ന് അലേർട്ട് ഡിസംബർ 12 തിങ്കളാഴ്ച 9 മണി വരെ നിലനിൽക്കുന്നുണ്ട്. മൂന്നൂറോളം സ്ഥലങ്ങളിൽ ഗവൺമെന്റ് അർഹരായവർക്ക് 25 പൗണ്ട് വീതം തണുപ്പിനെ നേരിടുവാനായി നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. ഈ ആഴ്‌ച പുരോഗമിക്കുമ്പോൾ കൂടുതൽ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ ആവശ്യമായി വരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


വടക്കൻ സ്കോട്ട്‌ലൻഡിൽ ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച ഉച്ചവരെ മഞ്ഞും മഞ്ഞുവീഴ്ചയും സംബന്ധിച്ച് യെല്ലോ അലേർട്ട് കാലാവസ്ഥാ വകുപ്പ് നൽകി കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്തും വ്യാഴാഴ്ച ഉച്ചവരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് ഉദ്യോഗസ്ഥർ നൽകുന്നത്. പുറത്തുള്ള യാത്രകൾ കഴിവതും ഒഴിവാക്കുകയും, കടുത്ത സാഹചര്യങ്ങളെ നേരിടുവാനുള്ള തയ്യാറെടുപ്പുകൾ ജനങ്ങൾ നടത്തുകയും ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭവനരഹിതർക്ക് അടിയന്തര താമസസൗകര്യം നൽകാനുള്ള നീക്കവും ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.