ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ആശുപത്രികളിൽ വെയ്റ്റിംഗ് ലിസ്റ്റിൽ 7 ദശലക്ഷത്തിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൊത്തം ജനസംഖ്യയുടെ എട്ടിൽ ഒരാൾ വെയ്റ്റിംഗ് ലിസ്റ്റിൽ ആണെന്നാണ് കണക്കുകൾചൂണ്ടിക്കാണിക്കുന്നത്. പലരും ഡോക്ടർമാരെ കാണാൻ മാസങ്ങളോളമാണ് വെയ്റ്റിംഗ് ലിസ്റ്റിൽ കാത്തുനിൽക്കേണ്ടതായി വരുന്നത് .
ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗം ബാധിച്ച ജെയ്ൻ പ്രോബിൻ എന്ന സ്ത്രീ മൂന്നു വർഷത്തിലധികമായി എൻഎച്ച്എസിന്റെ വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുകയാണ്. 2020 ഒക്ടോബറിൽ ഹിപ് ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുകയും, എന്നാൽ കോവിഡ്-19 രോഗബാധയെ തുടർന്ന് മാറ്റി വയ്ക്കേണ്ടതായി വരുകയും ചെയ്തു. 2022 മാർച്ചിൽ ജെയ്നിന്റെ വലത് ഹിപ്പ് സർജറി നടത്തി. എന്നാൽ ഇടത് ഹിപ്പിന്റെ സർജറി ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴും തീവ്രമായ വേദനയിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും നടക്കാൻ കഴിയാത്തത് കൊണ്ട് വോക്കറിനെയാണ് ആശ്രയിക്കുന്നതെന്നും ജെയ്ൻ പറയുന്നു.
ഓർത്തോപീഡിക്ക് ചികിത്സയുടെ ഭാഗമായി ജെയ്ൻ മാത്രമല്ല വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നത്. ഏകദേശം 80,000 ത്തിലധികം രോഗികൾ പതിനെട്ട് ആഴ്ചയിലധികമായി വെയ്റ്റിംഗ് ലിസ്റ്റിലാണ്. ചികിത്സ ലഭിക്കുക എന്ന രോഗിയുടെ അവകാശം കൂടിയാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നത് പലരിലും ശരീരികവും മാനസികാവുമായ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും, പലരും വിഷാദരോഗങ്ങൾക്ക് അടിമപ്പെടുകയാണെന്നും ചാരിറ്റി വേഴ്സസ് ആർത്രൈറ്റിസ് ചീഫ് എക്സിക്യൂട്ടീവായ ഡെബോറ അൽസീന പറഞ്ഞു.
ഹൃദ്രോഗ സംബന്ധമായും ആളുകൾ വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. അടിയന്തിര ചികിത്സ ലഭിക്കാത്തപക്ഷം മരണംവരെ സംഭവിക്കാൻ സാധ്യതയുള്ള അവസ്ഥയിൽ മൂന്ന് ലക്ഷത്തിലധികം രോഗികളാണ് ഡോക്ടറിനെ കാണുവാനായി 18 ആഴ്ച്ചയിലധികമായി കാത്തിരിക്കുന്നത്. ഇവരിൽ പലരും സർജറി മുതൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്. എസെക്സിൽ നിന്നുള്ള 62 കാരനായ ഗാരി കോഗൻ, കഴിഞ്ഞ വർഷമാണ് ഹൃദയഘാതത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ട്രിപ്പിൾ ഹാർട്ട് ബൈപാസ് സർജറി വേണമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇതുവരെ സർജറി നടന്നിട്ടില്ല. അടുത്ത വർഷമെങ്കിലും നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഗാരി കോഗൻ.
പ്രായമായ രോഗികൾ മാത്രമല്ല വെയ്റ്റിംഗ് ലിസ്റ്റ് കാരണം ദുരിതത്തിലായിരിക്കുന്നത്. 3,60,000 ത്തിലധികം സ്കൂൾ വിദ്യാർത്ഥികൾ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സർജറി മുതൽ വിവിധ ചികിത്സ ആവശ്യമായി ഉള്ളവരാണ് ഇവരിൽ ഏറെയും. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഇവരിൽ പലരും സ്കൂളിൽ പോകാത്തതുകൊണ്ട് ക്ലാസുകൾ നഷ്ടപ്പെടുകയാണ്.
Leave a Reply