റവ. ഫാ. ഹാപ്പി ജേക്കബ്ബ്

തലക്കെട്ട് കാണുമ്പോൾ എന്താണ് ഇവിടെ പ്രസക്തി എന്ന് ചിന്തിച്ചേക്കാം. ദാനം എന്ന് കേൾക്കുമ്പോൾ വെറുതെ കിട്ടുന്ന എന്തോ എന്നായിരിക്കും ആദ്യം മനസ്സിൽ വരുന്നത്. എനിക്ക് വേണ്ടാത്ത എന്തെങ്കിലും ഒഴിവാക്കുന്ന രീതിക്കും നാം ദാനം എന്ന് വിളിക്കാറുണ്ട്. ആര് നൽകിയാലും വാങ്ങുന്ന, ലഭിക്കുന്ന ആൾക്ക് പ്രയോജനമില്ലെങ്കിൽ പിന്നെ ദാനത്തിന് എന്ത് പ്രസക്തി.

ക്രിസ്തുമസ് കാലയളവ് പ്രധാനമായും സമ്മാനങ്ങൾ കൈമാറ്റം ചെയ്യുന്ന സമയമാണ്. മനസ്സിനൊത്തവണ്ണം സ്നേഹത്തിന്റെ വ്യാപ്തിക്കനുസരിച്ച് സമ്മാനങ്ങൾ നാം ഒരുക്കും. ഒരാൾക്ക് സമ്മാനം കൊടുക്കുമ്പോൾ നമ്മുടെ മനസ്സിൽ ചില ചിന്തകൾ ഉയർന്നുവരും. നമ്മൾ കൊടുക്കുന്ന സമ്മാനം അവർ ആഗ്രഹിക്കുന്നതാണോ , അവർക്ക് ആവശ്യമുള്ളതാണോ, അവർക്ക് ധരിക്കാൻ പറ്റുന്നതാണോ , അവർക്ക് വായിക്കാൻ പറ്റുന്നതാണോ ഇങ്ങനെ ആയിരിക്കും ചിന്തകൾ പോകുന്നത്.

ഇതിനെല്ലാം ആധാരം ആയിരിക്കുന്നത് പിതാവായ ദൈവം സ്വന്തം പുത്രനെ തന്നെ ദാനമായി നമുക്ക് തന്നു . പഴയ നിയമകാലം മുതൽ ദൈവജനം നോക്കിപ്പാർത്തിരുന്നു ; ഒരു രക്ഷകൻ അവതരിക്കുമെന്ന് . അത് വെറും ഒരു ആഗ്രഹം മാത്രമായിരുന്നോ അവർക്ക് . അല്ല അത് അവർക്ക് ഏറ്റവും ആവശ്യമായ ഒരു സമ്മാനം ആയിരുന്നു. കാരണം അധാർമികതയുടെയും , അനീതിയുടേയും കാലത്തിൽ നിന്നും മാനസാന്തരം പ്രസംഗിച്ച പ്രവാചകന്മാരുടേയും കർത്താവിന് വഴി ഒരുക്കിയ യോഹന്നാനും വിളിച്ചു പറഞ്ഞ മാനസാന്തര സുവിശേഷം ആയിരുന്നു ഈ സമ്മാനം. സ്വീകരിക്കുവാൻ തക്കവണ്ണം ജനതകൾ കാത്തിരുന്നു. തീർത്തും നാം തിരിഞ്ഞു നോക്കിയാൽ ഏദനിലുള്ള വീഴ്ചയുടെ കാലം മുതൽ തലമുറകൾ നോക്കിയിരുന്നു ഈ സമ്മാനത്തിനുവേണ്ടി . സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല ചതയ്ക്കും എന്ന് ആദ്യ പുസ്തകത്തിൽ നാം വായിക്കുന്ന സമ്മാനം അല്ലേ ഇത്.

ഇനി അടുത്ത ചിന്ത ധരിക്കാൻ പറ്റുന്ന അനുഭവം . എന്താണ് ഏദനിൽ സംഭവിച്ചത്. ദൈവത്തോടൊപ്പം കഴിഞ്ഞ ആദവും ഹവ്വയും പാപം ചെയ്ത് കഴിഞ്ഞപ്പോൾ അവർ നഗ്നരെന്ന് അറിഞ്ഞ് ലജ്ജിക്കുന്നു. എന്നാൽ അതിന് മുൻപ് അവർക്ക് ലജ്ജ തോന്നാതിരുന്നത് എന്തുകൊണ്ട് ? കാരണം സൃഷ്ടിയിൽ തന്നെ ദൈവം അവർക്കായി നൽകിയിരുന്ന സംരക്ഷണം പാപം മൂലം അവർ നഷ്ടപ്പെടുത്തി. ഈ ജനന സമ്മാനം രക്ഷയുടെ വസ്ത്രം നമുക്ക് നൽകുവാനുള്ളതല്ലേ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ജനനസമ്മാനം ഒരു യുഗത്തിന്റെ ആരംഭം ആയിരുന്നു. പാരമ്പര്യത്തിന്റേയും കീഴ്‌വഴക്കത്തിന്റേയും ഭാവങ്ങളെ മാറ്റി തലമുറകൾക്ക് അനുഭവവേദ്യമാകുന്ന പാഠപുസ്തകം ആയി തന്നു . കണ്ട് പഠിക്കാൻ , അനുസരിച്ച് ജീവിക്കുവാൻ വേറെ എന്ത് സമ്മാനം ആണ് നാം കാത്തിരിക്കേണ്ടത്.

യോഹന്നാൻ 3 :16 -17 “തൻറെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ”

സമ്മാനം തരുന്ന ആളിന്റെ മനസ്സാണ്, സന്തോഷമാണ് , കരുതലാണ്, നന്മയാണ്. ദൈവം നമുക്കായി നൽകിയ സമ്മാനം. ഇത് നാം സ്വീകരിക്കുക. ചിന്തിക്കുക ദൈവീക ദാനമാണ് , ദൈവത്തിൻറെ പുത്രൻ ആണ് , സ്നേഹത്തിൻറെ സമ്മാനമാണ്.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലങ്കര ഓർത്തഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.