ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മലയാളി യുവതിയെയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. മിഡ്ലാന്‍ഡ്സിലെ കെറ്ററിംഗിലാണ് ദാരുണമായ സംഭവം. ഒരു വർഷം മുൻപാണ് ഇവർ യുകെയിൽ എത്തിയതെന്നും, മരണപ്പെട്ടത് കണ്ണൂർ സ്വദേശികളാണെന്നുമാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. അതേസമയം, ഇന്ന് രാവിലെ പല അപശബ്ദങ്ങളും ഇവരുടെ വീട്ടിൽ നിന്ന് ഉയർന്നിരുന്നതായി സമീപ വാസികൾ പറയുന്നുണ്ട്.
നേഴ്സായ യുവതി രാവിലെ ഡ്യൂട്ടിക്ക് എത്തേണ്ട സമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്ത് വരുന്നത്. രണ്ട് കുട്ടികളാണ് ഇവരോടൊപ്പം ഉണ്ടായിരുന്നത്. ഇതിൽ ആരാണ് മരണപ്പെട്ടത് എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ആശുപത്രിയിൽ നിന്നും ആൾ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്ത് വന്നത്. സംഭവത്തെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. കേസിലെ നിർണായക വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല.
ആറും നാലും വയസ് പ്രായമുള്ളവരാണ് കുട്ടികൾ. ഇവരിൽ ഒരാൾക്ക് പുറത്തെത്തിച്ച സമയം ജീവൻ ഉണ്ടായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ നിരീക്ഷണത്തിൽ തുടരുകയാണ്. കൊല്ലപ്പെട്ട യുവതിയെയും കുട്ടിയെയും എയർലിഫ്റ്റിംഗ് മുഖേനയാണ് ആശുപത്രിൽ എത്തിച്ചത്. സംഭവത്തിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റ്… 22:15
യുകെ മലയാളി നഴ്സിന്റെ രണ്ട് കുട്ടികളും ആശുപത്രിയിൽ മരണമടഞ്ഞു എന്ന് അറിയിക്കുന്നു. ആറ് വയസുകാരനും നാല് വയസുള്ള പെൺകുട്ടിയും ആണ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചു എന്ന് ഇപ്പോൾ പോലീസ് അറിയിച്ചിരിക്കുന്നത്. രാത്രി വൈകിയും പോലീസ് അന്വേഷണം തുടരുന്നു… പോലീസ് അറിയിക്കുമ്പോൾ മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയിക്കാൻ സാധിക്കുക…
Leave a Reply